കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നൽകി

Jaihind News Bureau
Wednesday, December 9, 2020

കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചു. മൂന്ന് കാർഷിക നിയമങ്ങളും ജനാധിപത്യ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളാണ് രാഷ്ട്രപതിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.

കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും ജനാധിപത്യ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരിൽ കണ്ട് അറിയിച്ചു. കൃത്യമായ ചർച്ചകൾ പോലും നടത്താതെയാണ് നിയമങ്ങൾ പാസാക്കിയത്. അതിനാൽ കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണം എന്ന് നേതാക്കൾ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കാർഷിക നിയമങ്ങൾ സെലക്ട് കമ്മിറ്റിക്ക് വിടണം എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യം ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷ ശബ്ദങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ ബില്ലുകൾ പാസാക്കി എന്ന് നേതാക്കൾ പറഞ്ഞു. കൊടും തണുപ്പിനെ അവഗണിച്ചു കൊണ്ട് കർഷകർ നിയമങ്ങളോടുള്ള അവരുടെ എതിർപ്പ് പ്രകടിപ്പിക്കുകയാണ്. അതിനാൽ പ്രതിഷേധം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെ കടമയാണ് എന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്ക് പുറമെ എൻ സി പി അധ്യക്ഷൻ ശരത് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവൻ, സിപിഐ നേതാവ് ഡി രാജ എന്നിവർ പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്നു.