‘വാഷിങ് മെഷീന്‍’ അഴിമതി; 10 വര്‍ഷത്തിനിടെ ബിജെപിയില്‍ ചേര്‍ന്നത് അഴിമതി അന്വേഷണം നേരിടുന്ന 25 പ്രതിപക്ഷ നേതാക്കള്‍

Jaihind Webdesk
Thursday, April 4, 2024

ബിജെപിക്കെതിരെ പ്രതിപക്ഷം പ്രചാരണ ആയുധമാക്കുന്ന ‘വാഷിങ് മെഷീന്‍’ അഴിമതി വെളുപ്പിക്കല്‍ പരിപാടിയുടെ കണക്കുകള്‍ പുറത്ത് വിട്ട് പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം. 10 വര്‍ഷത്തിനിടെ ബിജെപിയില്‍ ചേര്‍ന്നത് അഴിമതി അന്വേഷണം നേരിടുന്ന 25 പ്രതിപക്ഷ നേതാക്കള്‍. മറുകണ്ടം ചാടിയവരില്‍ ബിജെപി വെളുപ്പിച്ചെടുത്തത് 23 പേരെ. പല കേസുകളും അവസാനിപ്പിക്കുകയോ കോള്‍ഡ് സ്റ്റോറേജില്‍ വയ്ക്കുകയോ ചെയ്തുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമതി ആരോപണം നേരിടുന്ന രാഷ്ട്രീയക്കാര്‍ സ്വന്തം പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നാല്‍ വെളുപ്പിച്ചെടുക്കുന്ന പരിപാടിയെയാണ് പ്രതിപക്ഷം വാഷിംഗ് മെഷീന്‍- എന്ന പേരില്‍ ആക്ഷേപിക്കുന്നത്. 2014 ന് ശേഷം ഇത്തരത്തില്‍ എത്ര വെളുപ്പിക്കലുകള്‍ നടന്നു എന്ന അന്വേഷണം നടത്തി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 10 വര്‍ഷത്തിനിടെ, അഴിമതി കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ട 25 പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ബിജെപി പക്ഷത്ത് ചേര്‍ന്നു. എന്‍സിപി, ശിവസേന, ടിഎംസി , ടിഡിപി, എസ്പി, വൈഎസ്ആര്‍സിപി പാര്‍ട്ടികളില്‍ നിന്നടക്കമാണ് കേന്ദ്ര ഏജന്‍സികളെ ഭയന്ന് പ്രമുഖര്‍ പാര്‍ട്ടിവിട്ടത്. 25 ല്‍ 23 കേസുകളിലും ശിക്ഷ ഒഴിവാക്കി കൊടുത്തു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്നുകേസുകള്‍ അവസാനിപ്പിച്ചു. 20 എണ്ണം നിര്‍ത്തി വയ്ക്കുകയോ, കോള്‍ഡ് സ്റ്റോറേജിലോ ആണ്. പട്ടികയിലുള്ള ആറ് രാഷ്ട്രീയക്കാര്‍ പൊതുതിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നവരാണ്. ഇഡിയോ, സിബിഐയോ നടപടി സ്വീകരിച്ച പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നുള്ളവരാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ഈ പരിപാടിയെ വാഷിങ് മെഷീന്‍ എന്നുവിളിക്കുന്നത്. 2022-23 കാലത്ത് മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെ സമയത്താണ് നേതാക്കളെ തേടി കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ എത്തിയത്. എന്‍സിപിയുടെ രണ്ട് ഉന്നത നേതാക്കളായ അജിത് പവാറിനും- പ്രഫുല്‍ പട്ടേലിനും എതിരായ കേസുകള്‍ പിന്നീട് അവസാനിപ്പിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള 12 പ്രമുഖര്‍ 25 അംഗ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതില്‍ 11 പേര്‍ 2022 ലോ അതിന് ശേഷമോ ബിജെപിയിലേക്ക് മാറിയവരാണ്. മുഖ്യമന്ത്രിമാരായിരുന്ന ഹിമന്ദ ബിശ്വ ശര്‍മയ്ക്കും, അശോക് ചവാനും എതിരായ കേസുകളും കോള്‍ഡ് സ്റ്റോറേജിലാണ്. 25 പേരുടെ പട്ടികയില്‍, മുന്‍ ടിഡിപി എംപി വൈ എസ് ചൗധരിക്കും, ജ്യോതി മിര്‍ദ്ധയ്ക്കും എതിരായ കേസുകളില്‍ മാത്രം ഇഡി ഇതുവരെ വിടുതല്‍ നല്‍കിയിട്ടില്ല.