VD SATHEESAN| മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

Jaihind News Bureau
Wednesday, October 8, 2025

നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍

8/10/2025 തീയതി ശൂന്യ വേളയില്‍ ശബരിമല സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാതലത്തില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തിയ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി സഭയില്‍ പ്രതിപക്ഷത്തെ ഒരു അംഗത്തിനെതിരെ അതീവ ഗൗരവകരമായ ബോഡി ഷൈമിങ് പരാമര്‍ശം നടത്തിയ സംഭവത്തിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു.

‘സാധാരണ നിലയ്ക്ക് എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ട്. എട്ടു മുക്കാല്‍ അട്ടി വച്ചതു പോലെ. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയ തോതില്‍ പോയിട്ട് ആക്രമിക്കാന്‍, സ്വന്തം ശരീര ശേഷി അതിനൊന്നും പറ്റുന്നതല്ല എന്നു കണ്ടാല്‍ അറിയാം. പക്ഷെ നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ തയ്യാറാകുന്ന നിലയിലേക്ക് എത്തി’

പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും, ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതുമാണ്. പ്രസ്തുത പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.