‘ആൾക്കൂട്ടക്കൊലപാതകം കേരളത്തിന് നാണക്കേട്’; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

Jaihind News Bureau
Monday, December 22, 2025

ആള്‍ക്കൂട്ട കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാമനാരായണ്‍ ഭാഗേലിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കഴിഞ്ഞ ദിവസമാണ് ഇതര സംസ്ഥാന തൊഴിലാളി രാംനാരായണെ 15 ഓളം പേര്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തില്‍ സ്ത്രീകള്‍ ഉണ്ടെന്നും ചിലര്‍ നാടുവിട്ടുവെന്നും പ്രാഥമിക അന്വേണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ധനസഹായം അടക്കമുള്ള സഹായം ചെയ്തില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കത്ത് പൂര്‍ണ രൂപത്തില്‍:

കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്നു നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്. അതും മധുവിന് ജീവന്‍ നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്. മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊളിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാമനാരായണ്‍ ഭാഗേലിനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മര്‍ദ്ദിച്ചത്. നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാമനാരായണിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത് എന്നതില്‍ സംശയമില്ല. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവന്‍ നഷ്ടമായ രാമനാരായണ്‍ ഭാഗേലിന് നീതി ഉറപ്പാക്കണം. രാമനാരായണ്‍ ഭാഗേലിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.