വിഴിഞ്ഞത്തെ 14 കാരിയുടെ കൊലപാതകം: പോലീസും ഗുണ്ടകളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, January 19, 2022

തിരുവനന്തപുരം : വിഴിഞ്ഞത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടംബത്തിന് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കളോട് ക്രൂരമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇങ്ങനെയാണെങ്കിൽ പോലീസും ഗുണ്ടകളും തമ്മിലെന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു.

മാതാപിതാക്കളെ മർദിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മാതാവിന്‍റെ കാൻസർ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പോലീസ് ക്രൂരതകളും ഗുണ്ടാ വിളയാട്ടവും വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പൊതു പരിപാടികൾ മാറ്റിവെച്ച് യുഡിഎഫ് മാതൃക കാണിച്ചിട്ടും പാർട്ടി സമ്മേളനങ്ങൾ നടത്തി സിപിഎം മരണത്തിന്‍റെ വ്യാപാരികളാവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം തരംഗത്തെ നേരിയാൻ യാതൊരു മുന്നൊരുക്കവും സർക്കാർ നടത്തിയിട്ടില്ല. 300 പേരെ വെച്ച് കുടുംബശ്രീ യോഗങ്ങൾ നടത്തി സിപിഎം ധിക്കാരം കാണിക്കുകയാണ്. സർക്കാർ തന്നെയാണ് സമൂഹവ്യാപനം ഉണ്ടാക്കുന്നത്. എന്നിട്ട് അവർ തന്നെ ജാഗ്രത കാണിക്കണമെന്ന് പറയുന്നത്  വിരോധാഭാസമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട 14 കാരിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

കേട്ടുകേള്‍വി പോലുമില്ലാത്ത അപരിഷ്‌കൃതമായ രീതിയിലുള്ള കേസന്വേഷണത്തിലൂടെ രണ്ടു ദമ്പതികളെ പൊലീസ് എത്രമാത്രം പീഡിപ്പിച്ചെന്ന അവിശ്വസനീയമായ കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൊന്നുപോലെ വളര്‍ത്തിയെടുത്ത മകളെ രക്ഷിതാക്കള്‍ തന്നെ കൊന്നെന്നു പറയാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. പാവം മനുഷ്യനെ ക്രൂരമായി കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ടടിച്ചും കാന്‍സര്‍ രോഗിയായ സ്ത്രീയെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞുമാണ് മകളെ കൊന്നെന്ന കുറ്റം സമ്മതിപ്പിച്ചത്. സഹോദര പുത്രനെയും ക്രൂരമായി മര്‍ദ്ദിച്ചു. കാന്‍സര്‍ രോഗിയായ അമ്മയെ പത്തും മുപ്പതും പൊലീസുകാര്‍ക്കിടയില്‍ ഇരുത്തി അസഭ്യം പറഞ്ഞും കസേര തല്ലിപ്പൊളിച്ചും ബന്ധുക്കളെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 19 വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ ഗുണ്ടകളും ഈ പോലീസും തമ്മില്‍ എന്താണ് വ്യത്യാസം? ഗുണ്ടകളേക്കാള്‍ ക്രൂരമായാണ് ഈ പ്രായമായവരോട് പൊലീസ് പെരുമാറിയത്. എത്ര അപരിഷ്‌കൃതമാണ് പൊലീസിന്റെ അന്വേഷണ രീതി. ശാസ്ത്രീയമായ ഒരു അന്വേഷണരീതിയും പൊലീസിനില്ലേ? മകളെ പീഡിപ്പിച്ച് കൊന്നെന്നു വരുത്തി തീര്‍ക്കാന്‍ മാതാപിതാക്കളോട് ചെയ്ത ക്രൂരതയില്‍ കേരളം അപമാനഭാരത്താല്‍ നാണിച്ചു തലതാഴ്ത്തുകയാണ്.

ഈ മാതാപിതാക്കളെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തോ? അടിയന്തിരമയി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഈ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം. കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. അമ്മ ക്യാന്‍സര്‍ രോഗിയാണ് അച്ഛന് ശാരീരിക അവശതകളുണ്ട്. ഇവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍ ആവശ്യമായ ചികിത്സാ സഹായവും നിയമസഹായവും പ്രതിപക്ഷം നല്‍കും. മാനസികവും ശാരീരികവുമായി പിഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കും. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കിലും മനുഷ്യാവകാശ കമ്മിഷനെയും കോടതിയെ സമീപിക്കാനുള്ള എല്ലാ നിയമസഹായവും പ്രതിപക്ഷം നല്‍കും.

പൊലീന്റെയും ഗുണ്ടകളുടെയും അതിക്രമം ഇതുപോലെ വര്‍ധിച്ചൊരു കാലഘട്ടം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. പൊലീസ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്. പഴയകാല സെല്‍ഭരണത്തിന്റെ പുതിയ മോഡലാണ് കേരളത്തിലിപ്പോള്‍. ഒരു ഗുണ്ടയെ പോലും പൊലീസിന് അറസ്റ്റു ചെയ്യാനാകില്ല. അറസ്റ്റു ചെയ്താല്‍ രക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ രംഗത്തിറങ്ങും. കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട ഗുണ്ടയെ കാപ്പയില്‍ ഇളവ് നല്‍കി ജയിലില്‍ നിന്നും പുറത്തിറക്കിയത് ആരാണെന്ന് അന്വേഷിക്കണം.