പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെ കത്തിന് മറുപടി: ‘സമയപരിധിയില്ല, ഗ്യാസ് മസ്റ്ററിംഗ് വിതരണക്കാര്‍ വീട്ടിലെത്തി ചെയ്യും’; വ്യക്തത വരുത്തി  മന്ത്രി

Tuesday, July 9, 2024

 

ന്യൂഡല്‍ഹി: മസ്റ്ററിംഗില്‍ ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെ കത്തിന് മറുപടിയായാണ് പുരി ഇക്കാര്യം അറിയിച്ചത്. എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിങ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു.

എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്‍പിജി സിലിണ്ടര്‍ വീടുകളില്‍ വിതരണം ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താക്കളുടെ ആധാര്‍ അടക്കമുള്ള രേഖകകള്‍ പരിശോധിക്കും. അതിന് ശേഷം മൊബൈല്‍ ആപ് വഴി രേഖകള്‍ അപ് ലോഡ് ചെയ്യും. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി വഴി ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങ് പൂര്‍ത്തീകരിക്കാനാകും. ആവശ്യമെങ്കില്‍ വിതരണ കേന്ദ്രത്തില്‍ എത്തി പരിശോധന നടത്താമെന്നും മന്ത്രി പറഞ്ഞു.