
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാപ്പകൽ ഭേദമന്യേ അധ്വാനിച്ച നേതാക്കൾക്കും അണികൾക്കും ഹൃദയാഭിവാദ്യങ്ങൾ നേർന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ സോഷ്യൽ മീഡിയ കുറിപ്പ്. വോട്ടെടുപ്പ് അവസാനിച്ചതോടെ ശുഭപ്രതീക്ഷയിലാണ് മുന്നണിയെന്ന് അദ്ദേഹം വ്യക്തമാക്കി.
നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ വി.ഡി. സതീശൻ അവകാശപ്പെട്ടത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ അദ്ദേഹം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിലാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ആരും വോട്ട് ചെയ്യാതെ മാറിനിൽക്കരുതെന്നും അദ്ദേഹം രാവിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു.
