മേഘവിസ്‌ഫോടനവും മിന്നല്‍പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിലെ ധരാലിയില്‍ കുടുങ്ങിയ 28 അംഗ മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഉത്തരാഖണ്ഡിലെ ധരാലിയില്‍ കുടുങ്ങിക്കിടക്കുന്നത് കേരളത്തില്‍ നിന്നുള്ള നിരവധി വ്യക്തികളാണ്. അവര്‍ക്കിപ്പോള്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിയാത്ത ഗുരുതരമായ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് തീര്‍ത്ഥാടനം നടത്തിയ 28 അംഗ സംഘത്തിന്റെ ഭാഗമാണ് ഈ സംഘം. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, അവര്‍ അവസാനമായി ധരാലിയിലോ പരിസരത്തോ ആയിരുന്നുവെന്ന് അറിയാമായിരുന്നു, അതിനുശേഷം അവരുമായുള്ള എല്ലാ ആശയവിനിമയങ്ങളും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
പ്രതികൂല കാലാവസ്ഥയും അതിന്റെ ഫലമായി മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പൂര്‍ണ്ണമായി മനസ്സിലാകുമെന്നും സമ്പര്‍ക്കത്തിന്റെ പൂര്‍ണ്ണമായ അഭാവം അവരുടെ കുടുംബങ്ങള്‍ക്ക് കടുത്ത ദുരിതം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കേരളത്തിലുള്ളവരെ എത്രയും വേഗം കണ്ടെത്താനും രക്ഷപ്പെടുത്താനും സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.