
തിരുവനന്തപുരം: നിയമസഭയില്‍ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മന്ത്രിമാര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്കി. ചട്ടങ്ങളും സഭാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടാണ് മന്ത്രിമാർ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് (22.01.26) സഭയിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ് എന്നിവര്‍ സോണിയ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നാണ് പരാതി.
കത്തിലെ പ്രധാന ആവശ്യങ്ങളും വാദങ്ങളും:
ചട്ടലംഘനം: കേരള നിയമസഭയുടെ ചട്ടം 285 പ്രകാരം, സ്പീക്കര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അപകീര്‍ത്തികരമായ ആരോപണങ്ങൾ ഉന്നയിക്കാൻ പാടില്ല. മന്ത്രിമാർ ഇത് ലംഘിച്ചു.
തെളിവുകളുടെ അഭാവം: ആരോപണം ഉന്നയിക്കുന്നതിന് നോട്ടീസ് നല്കുമ്പോള് അതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തണം എന്ന കീഴ്വഴക്കം പാലിക്കപ്പെട്ടില്ല.
മുൻ റൂളിംഗുകൾ: സഭയ്ക്ക് പുറത്തുള്ളവരെ കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്ന് വ്യക്തമാക്കുന്ന 1990-ലെ റൂളിംഗ് ഉൾപ്പെടെയുള്ള മുൻകാല വിധികൾ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പാർലമെന്ററി മര്യാദ: സഭയിൽ അംഗമല്ലാത്ത, സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുള്ള ദേശീയ നേതാവിനെതിരെ മുൻകൂർ നോട്ടീസ് പോലുമില്ലാതെ ആരോപണം ഉന്നയിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്.
നടപടി ആവശ്യം കേരള നിയമസഭാ ചട്ടം 307 പ്രകാരം, മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും, സഭാ ടിവി വഴി ഈ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇത്തരം ചട്ടവിരുദ്ധമായ നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് സ്പീക്കറോട് അഭ്യർത്ഥിച്ചു.