കെ റെയില്‍: ജനങ്ങളെ ജയിലിലേക്ക് വിടില്ല; യുഡിഎഫ് സമരത്തിന് മുന്നിലുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്

 

കോഴിക്കോട് : കെ റെയിലിന് കേന്ദ്രാനുമതി ലഭിച്ചാലും സമരത്തിൽ നിന്ന് യുഡിഎഫ് പിന്മാറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാധാരണ ജനങ്ങളെ ജയിലിലേക്ക് വിടാതെ സമരത്തിന് മുന്നിൽ യുഡിഎഫ് ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോഴിക്കോട് നന്ദിയിൽ കോൺഗ്രസ് നടത്തുന്ന കെ റെയിൽ ജനകീയ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ആദ്യ പ്രതിഷേധ സമരം നടന്നത് നന്ദിയിലാണ്. ഇവിടെ തന്നെ കോൺഗ്രസ്‌ പ്രതിഷേധത്തിന് തുടക്കമിടുകയാണ്. മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് നിയമസഭയിൽ സംസാരിക്കാതെ പൗരപ്രമുഖരോടാണ് സംസാരിച്ചത്. അതുകൊണ്ട് സാധരണ ജനങ്ങളോടാണ് യുഡിഎഫിന് സംസാരിക്കേണ്ടതെന്നും ജനങ്ങൾക്കൊപ്പമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

വികസന വിരുദ്ധതയുടെ മുഖമായിരുന്നു സിപിഎമ്മിന്. സിപിഎമ്മിന്‍റെ കാലത്ത് ഇതുവരെയും ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ല. ഇപ്പോൾ കൃത്യമായ ഡി പി ആർ പോലുമില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്‍റ്‌ അഡ്വ. കെ പ്രവീൺ കുമാർ, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവർ ജനകീയ സദസിന് നേതൃത്വം നൽകി.

Comments (0)
Add Comment