വിദ്യാഭ്യാസം പിണറായി സർക്കാരിന്‍റെ പരിഗണനയിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ്; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം

 

മലപ്പുറം: പിണറായി സർക്കരിന്‍റെ ആദ്യ പത്ത് പരിഗണനയിൽ പോലും വിദ്യാഭ്യാസം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  മലപ്പുറത്ത് ജില്ലാകോൺഗ്രസ് കമ്മിറ്റി ‘പ്ലസ് വൺ- മലപ്പുറം ജില്ലയോടുള്ള അവഗണന’ക്കെതിരെ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധമാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

മലബാറിലെ 6 ജില്ലകളിൽ അരലക്ഷത്തോളം പ്ലസ് വൺ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണെന്നും, തൽക്കാലിക ഏച്ചുകൂട്ടൽ ആണ് സർക്കാർ ഇത്തവണയും നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കുട്ടികളുടെ എണ്ണം വർധിപ്പിക്കുമ്പോൾ അധ്യാപക വിദ്യാർത്ഥി ആനുപാതം തെറ്റുന്നുവെന്നും ഒരു ക്ലാസിൽ 75 വിദ്യാർത്ഥികൾ വരെ ആയതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മലപ്പുറത്ത് സീറ്റ് ബാക്കി ആണെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

മലബാറിലെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരത്തിലേക്ക് വരുന്നു. അവർക്ക് സംവിധാനം ഒരുക്കി നൽകേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ പ്രതിപക്ഷം നിരന്തര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സമരം നടത്തിയ പ്രവർത്തകരും  പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പോലീസ് പിടി കൂടിയ 2 കോൺഗ്രസ് പ്രവർത്തകരെ വിട്ടു കിട്ടുന്നതുവരെ ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയി യുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ഉപരോധിച്ചു. പ്രതിഷേധ സമരത്തിന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എ.പി. അനിൽകുമാർ എംഎല്‍എ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എന്‍ സലിം, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല , തുങ്ങിയവർ നേതൃത്വം നൽകി.

Comments (0)
Add Comment