ഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി 100 ദിവസം പിന്നിടുകയാണ്. ശബ്ദമില്ലാത്ത ജനങ്ങളുടെ ശബ്ദമായിരുന്നു ഓരോ ഇന്ത്യന്‍ ജനതയ്ക്കും രാഹുല്‍ ഗാന്ധി. രാഷ്ട്രീയത്തിനതീതമായി സാധാരണക്കാരോടുള്ള പ്രതിബദ്ധത പ്രകടമാക്കി, ഇരകൾക്കൊപ്പം നിൽക്കാനും അവരെ കേൾക്കാനുമാണ് രാഹുൽ ഗാന്ധി ഈ ദിനങ്ങൾ നീക്കിവെച്ചത്.
‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം തുടങ്ങിയ മൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന്’ വ്യക്തമാക്കുകയാണ് രാഹുൽ ഗാന്ധി. കൂടുതൽ നീതിയും അനുകമ്പയും സമ്പന്നവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഈ തത്വങ്ങളാണ് തന്നെ നയിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദശാബ്ദക്കാലമായി ഒഴിഞ്ഞുകിടന്ന ലോക്സഭാ പ്രതിപക്ഷ നേതാവെന്ന പദവിയിൽ ജൂൺ 24 നാണ് രാഹുൽ ഗാന്ധി ചുമതലയേറ്റത്. പദവിയില്‍ വന്നതിനു ശേഷം തന്റെ കര്‍മ്മം എന്താണോ അത് കൃത്യമായി നിര്‍വ്വഹിക്കാന്‍ രാഹുലിന് സാധിച്ചു. സാധാരണക്കാരന്റെ ശബ്ദം മുന്നോട്ടു കൊണ്ടുവരികയും നീതിക്കു വേണ്ടി പോരാടുന്ന കർഷകരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആശങ്കകൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ലാറ്ററൽ എൻട്രി പോളിസി, റിയൽ എസ്റ്റേറ്റ് വിൽപനയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നീക്കം ചെയ്യൽ, ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പിൻവലിക്കാൻ അദ്ദേഹം കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തി. ഓരോ സാധാരണക്കാരന്റെയും അവകാശങ്ങള്‍ക്കു വേണ്ടി അവരോടെപ്പം നില്‍ക്കുകയും അവരില്‍ ഒരാളായി നീതിയ്ക്കു വേണ്ടി പോരാടുകയും ചെയ്തു.
പലപ്പോഴും പാർലമെന്റിൽ എത്താത്ത പ്രശ്നങ്ങളെ കൂട്ടുപിടിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം ഉയർത്താൻ രാഹുൽ പ്രവർത്തിച്ചു. ആരും കേൾക്കാനില്ലാത്തവർക്ക് ശബ്ദം നൽകി. തന്റെ പരിശ്രമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് വഹിക്കേണ്ട പങ്കിനെ അദ്ദേഹം മാതൃകാപരമാക്കി. അധികാരത്തിന്റെ ഇടനാഴികളിൽ തങ്ങളെത്തന്നെ കേൾക്കാൻ പാടുപെടുന്നവരുടെ ശബ്ദം ഉയർത്തേണ്ടത് എത്ര അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ കാണിച്ചുതന്നു. ഒരു പ്രതിപക്ഷ നേതാവിന്റെ ഉത്തരാവാദിത്വം വളരെ മികച്ച രീതിയില്‍ അദ്ദേഹം നിര്‍വ്വഹിച്ചു. ഇപ്പോഴും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.
കലാപം തുടരുന്ന മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്നവരെ കേട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്ത് തുടക്കം. പാർമെന്റില്‍ ശക്തമായി ശബ്ദമുയർത്തിയ വിഷയങ്ങളിലൊന്ന് മണിപ്പൂരായിരുന്നു. സംവരണം അട്ടിമറിച്ചും യുപിഎസ്സിയെ നോക്കുകുത്തിയാക്കിയും 24 മന്ത്രാലയങ്ങളിലെ ഉന്നതപദവികളിൽ നിയമനം നടത്താനുള്ള നീക്കം കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വന്നു, രാഹുൽ നയിച്ച പ്രതിപക്ഷത്തിന്റെ ഇടപെടലിൽ. നീറ്റിന് പിന്നാലെ നിരനിരയായി വന്ന ചോദ്യപേപ്പർ ചോർച്ചകളിൽ യുവാക്കൾക്കൊപ്പം ഉറച്ചുനിന്ന രാഹുൽ സർക്കാരിന് നേരെ ചോദ്യശരങ്ങൾ എയ്തു. കർഷകർ, ലോക്കോ പൈലറ്റ് മാർ, റെയിൽവേ പോട്ടർമാർ തുടങ്ങിയവരെ ഇക്കാലയളവിൽ കണ്ടത് ഒന്നിലധികം തവണ.
എംപി സ്ഥാനമൊഴിഞ്ഞിട്ടും എന്നും വയനാടിനെ നെഞ്ചോട് ചേർത്തുപിടിച്ചു. വയനാടിലെ ജനങ്ങളുടെ ദുരിതാവസ്ഥകളിലും ഓരാശ്വാസമായി ഒപ്പം നിന്നു. വയനാട് മണ്ണിടിച്ചിലില്‍ ഉറ്റവരെ നഷ്ട്മായവരുടെ കൂടെ ആശ്വാസമായി ഇന്നുവരെയും രാഹുലുണ്ട്. നേതാവ് എന്നതിലുപരി അവരില്‍ ഒരുവനായി കൂടെയുണ്ടായിരുന്നു രാഹുല്‍.
അതേസമയം നീറ്റ് പേപ്പർ ചോർച്ചയടക്കം സർക്കാർ പരീക്ഷകളിലെ അപാകതകളെ രാഹുൽ വെല്ലുവിളിച്ചു. തുടർന്ന് അഴിമതിക്കാരായ പരീക്ഷാ കൺട്രോളർമാരും ജീവനക്കാരും ഉൾപ്പെട്ട കേസുകൾ സിബിഐ ഏറ്റെടുത്തു. ഇത് ഏറെ മാധ്യമ ശ്രദ്ധ ആകർഷിച്ചു. സൈന്യത്തിൽ ന്യായമായ റിക്രൂട്ട്മെന്റ് പ്രക്രിയകൾക്കായി വാദിച്ച രാഹുൽ ‘അഗ്നിവീർ’ പദ്ധതിക്കെതിരെയും നിലപാടെടുത്തു.
ജാതി സെൻസസ് എന്നാവശ്യം ഒറ്റക്കെട്ടായി ഉയർത്താൻ പ്രതിപക്ഷത്തിന് രാഹുൽ നൽകിയ കരുത്ത് ചില്ലറയല്ല. വഖഫ് ബിൽ, ബ്രോഡ്കാസ്റ്റ് ബിൽ തുടങ്ങിയവയെ തുറന്നുകാട്ടി. ഇതിനെല്ലാമുപരി ജനങ്ങളെ നേരിൽ കാണാൻ രാജ്യത്തുടനീളം സഞ്ചരിച്ചു രാഹുൽ ഗാന്ധി. കൂടുതൽ നിയമസഭകളിൽ അധികാരം പിടിക്കാൻ കൂടി കഴിഞ്ഞാൽ ലോക്സഭാ പ്രതിപക്ഷ നേതൃപദവിക്ക് കരുത്തേറും.