സാഹിത്യ വിമര്‍ശകന്‍, ജീവചരിത്രകാരന്‍, പ്രഭാഷകന്‍, കടലോളം ശിഷ്യസമ്പത്തുള്ള അധ്യാപകന്‍ ഇതൊക്കെയാണ് പ്രൊഫ. എം.കെ സാനു എന്ന സാനു മാഷ്. വിമര്‍ശനത്തിന്റെ ‘കാറ്റും വെളിച്ചവും’ മലയാള സാഹിത്യത്തിലേക്ക് കടത്തി വിട്ട അതുല്യ പ്രതിഭയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാഹിത്യ വിമര്‍ശനത്തിനു പിന്നാലെ മലയാള സാഹിത്യത്തിലെ ജീവചരിത്രശാഖയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ജീവചരിത്ര പുസ്തകമാണെന്ന് നിസംശയം പറയാം. ബഷീറിന്റെയും പി.കെ ബാലകൃഷ്ണന്റെയും ജീവചരിത്രവും സാനു മാഷിന്റെ വാക്കുകളിലൂടെ മലയാളികള്‍ അറിഞ്ഞു. എഴുത്തിന്റെ സൗമ്യ ദീപ്തി തുടിക്കുന്നതായിരുന്നു സാനു മാഷിന്റെ ഓരോ വരികളും. ജീവചരിത്ര രചനകള്‍ക്കു പിന്നാലെ ആത്മകഥയിലും സാനുമാഷ് വ്യത്യസ്തത പുലര്‍ത്തി.
സാനു മാഷ് എനിക്ക് ഗുരു തുല്യനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകനും അദ്ദേഹമായിരുന്നു. സാഹിത്യവും രാഷ്ട്രീയവുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹവാത്സല്യം ഞാനും ആവോളം ആസ്വദിച്ചിട്ടുണ്ട്. വ്യക്തിപരമായി വേദനാജനകമായ വിയോഗമാണിത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന്് അദ്ദേഹം അനുശോചിച്ചു.