‘വിട്ടുവീഴ്ചയില്ലാത്ത നിലപാട്, തികഞ്ഞ മതേതരവാദി’; ആര്യാടന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, September 25, 2022

 

തൃശൂര്‍: മുന്‍ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് തോന്നിക്കുമായിരുന്ന സന്ദർഭങ്ങൾ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാർട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ടുനയിച്ചത് ആര്യാടൻ മുഹമ്മദായിരുന്നു.

മതേതരത്വത്തിന് വേണ്ടി ഒരു വിട്ടുവീഴ്ചകൾക്കും തയാറാകാത്ത അദ്ദേഹത്തിന്‍റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണ്. മികച്ച സാമാജികനായും ഭരണകർത്താവായും അദ്ദേഹത്തിന് തിളങ്ങാനായി. ആര്യാടൻ മുഹമ്മദിന്‍റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവർത്തകരുടെയും കടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.