ഡോ എം കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Thursday, October 28, 2021

കേരളത്തിലെ കാന്‍സര്‍ ചികിത്സാരംഗത്ത് നൂതന മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡോ എം കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റീജണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ സ്ഥാപക ഡയറക്ടറായ കൃഷ്ണന്‍ നായര്‍, ആര്‍സിസിയെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാന്‍സര്‍ ഗവേഷണ കേന്ദ്രമാക്കി മാറ്റി. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്ന അദ്ദേഹം ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി കുട്ടികള്‍ക്കു വേണ്ടി സൗജന്യ കാന്‍സര്‍ ചികിത്സ ആര്‍സിസിയില്‍ ആരംഭിച്ചത് ഡോ കൃഷ്ണന്‍ നായരാണ്. കാന്‍സര്‍ ചികിത്സാരംഗത്തെ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും സതീശന്‍ പറഞ്ഞു.