നെതന്യാഹുവിന് തിരിച്ചടി ; ഇസ്രായേലില്‍ പ്രതിപക്ഷം ഐക്യസര്‍ക്കാര്‍ രൂപീകരിക്കും

Jaihind Webdesk
Thursday, June 3, 2021

ജറുസലേം : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 12 വര്‍ഷത്തെ ഭരണത്തിന് ശേഷം പടിയിറങ്ങിന്നുവെന്ന് റിപ്പോര്‍ട്ട്‌. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയിലെത്തി. പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാര്‍ട്ടി നേതാവുമായ യെയിര്‍ ലാപിഡ് എട്ട് പാര്‍ട്ടുകളുടെ സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചു.

വലതുപക്ഷ നേതാവും യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷം യെയിര്‍ ലാപിഡും അധികാരത്തിലേറും.

പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സഖ്യം രൂപീകരിച്ചതായി പ്രസിഡന്റ് റൂവെന്‍ റിവ്‌ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയില്‍ പറഞ്ഞു.

‘ഈ സര്‍ക്കാര്‍ ഇസ്രായേലി പൗര്‍ന്മാരുടേയും തങ്ങള്‍ക്ക് വോട്ട് ചെയ്തവരുടേയും അല്ലാത്തവരുടേയും സേവനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എതിരാളികളെ ബഹുമാനിക്കുന്നതിനോടൊപ്പം ഇസ്രായേലി സമൂഹത്തെ ഒന്നിപ്പിക്കാനും ബന്ധിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യും’ ലാപിഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ലാപിഡ്, നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിറ്റ് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് എന്നിവര്‍ പുതിയ സര്‍ക്കാരിന്റെ കരാറില്‍ ഒപ്പുവെച്ചു. ടെല്‍ അവീവിനടുത്തുള്ള ഒരു ഹോട്ടലില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സഖ്യരൂപീകരണ പ്രഖ്യാപനം നടന്നത്. സര്‍ക്കാര്‍ രീപീകരിക്കുന്നതിന് സഖ്യമുണ്ടാക്കാന്‍ ലാപിഡിന് പാര്‍ലമെന്റ് അനുവദിച്ച 28 ദിവസം തീരുന്ന ബുധനാഴ്ച തന്നെയാണ് പ്രഖ്യാപനം നടത്തിയതും. കഞ്ചാവ് നിയമവിധേയമാക്കുന്നത് മുതല്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ, ജുഡീഷ്യല്‍ സെലക്ഷന്‍ കമ്മിറ്റി തുടങ്ങിയ വിഷയങ്ങള്‍ പുതിയ സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഖ്യം രൂപീകരിച്ചെങ്കിലും ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടാനായാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാനാകൂ. ഏഴ് മുതല്‍ 12 ദിവസത്തിനുള്ളില്‍ ഈ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.