കൊവിഡ് : മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണം ; ധനമന്ത്രിക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്

Jaihind Webdesk
Friday, May 28, 2021

തിരുവന്തപുരം : കൊവിഡ് 19 ഉം അനുബന്ധ ലോക്ഡൗണും കണക്കിലെടുത്ത് ലോണുകള്‍ക്കുള്ള മൊട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍മാര്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന് കത്ത് നല്‍കി. ബാങ്ക് ലോണുകള്‍ക്ക് ഏര്‍പ്പെടുത്തയിരുന്ന മൊറട്ടോറിയം കാലാവധി അവസാനിച്ചതാണെന്നും, ഈ പ്രതിസന്ധിയില്‍ കര്‍ഷകരടക്കമുള്ള സമൂഹം ബാങ്ക് ലോണ്‍തിരിച്ചടവിനുള്ള സമ്മര്‍ദ്ധം താങ്ങാനാവാത്ത അവസ്ഥയിലാണെന്നും പ്രതിപക്ഷം കത്തില്‍ പറയുന്നു.

സംസ്ഥാനത്തെ കര്‍ഷകര്‍, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ വിപണി മാന്ദ്യത്തിനിടയില്‍ തന്നെ സര്‍ക്കാര്‍ തലത്തിലുള്ള സംഭരണം തടസ്സപ്പെട്ടിരിക്കുന്നതിനാലും തറവില കുടിശ്ശിക ലഭിക്കാത്തതിനാലും കടുത്ത ഉപജീവന പ്രതിസന്ധിയിലും ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് 19 രണ്ടാം തരംഗം കണക്കിലെടുത്ത് ബഡ്ജറ്റും വകയിരുത്തലുകളും പുനക്രമീകരിക്കാന്‍ ആലോചിക്കുന്ന ഈ ഘട്ടത്തില്‍ , ഇക്കാര്യം ഒരു പാക്കേജായി ഉല്‍പ്പെടുത്തി മതിയായ തുക വകയിരുത്തണമെന്നും പ്രതിപക്ഷം അവശ്യപ്പെട്ടു. പ്രതിപക്ഷത്തിനായി എംഎല്‍എമാരായ പിജെ ജോസഫ്, എപി അനില്‍കുമാര്‍, മോന്‍സ് ജോസഫ്, സണ്ണി ജോസഫ്, അനൂപ് ജേക്കബ്, അന്‍വർ സാദത്ത്, അബ്ദുള്‍ ഹമീദ്, സജീവ് ജോസഫ്, ഐസി ബാലകൃഷ്ണന്‍, റോജി എം ജോൺ, സിആർ മഹേഷ്, എല്‍ദോസ് കുന്നപ്പള്ളി, ഷാഫി പറമ്പില്‍, ടി സിദ്ദിഖ്, ഡോ.മാത്യു കുഴല്‍നാടന്‍ എന്നിവർ കത്തില്‍ ഒപ്പുവച്ചു.