‘രക്ഷാപ്രവര്‍ത്തന’ത്തിലെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി; നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Jaihind Webdesk
Thursday, February 15, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ​ഗൺമാന്‍ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടീസ് നൽകി.  സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പോലീസ് കേസെടുത്തിട്ടും , അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് അടിയന്തരപ്രമേയനോട്ടീസ് നൽകിയത്. എന്നാല്‍ സമീപ കാലത്തു നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയിൽ ആണെന്നും വ്യക്തമാക്കി സ്പീക്കർ നോട്ടീസ് തള്ളി. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. നോട്ടീസില്‍ ഉന്നയിച്ച വിഷയം പുതിയതല്ലെന്നും അടിയന്തര പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. കോടതി ആവശ്യപ്പെട്ടിട്ടും തുടര്‍നടപടിയില്ലെന്നതാണ് വിഷയമെന്നും പുതിയ കാര്യമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കറുമായി വാക്ക് തര്‍ക്കമുണ്ടായി. തുടർന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.