മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ 96 ലക്ഷം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുവെന്ന് മഹാരാഷ്ട്ര നവ നിര്മ്മാണ് സേന (എം.എന്‍.എസ്.) അധ്യക്ഷന്‍ രാജ് താക്കറെ ആരോപിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതു വരെ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇ.സി.ഐ.) ആവശ്യപ്പെട്ടു. വ്യാജ വോട്ടര്‍മാരുടെ കൂട്ടിച്ചേര്‍ക്കല്‍ ‘മഹാരാഷ്ട്രയിലെയും രാജ്യത്തിലെയും വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വോട്ടര്‍പട്ടിക പരിശോധിക്കാന്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് പ്രസിഡന്റുമാരോടും തിരഞ്ഞെടുപ്പ് കമ്മിറ്റികകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി വീടു വീടാന്തരം നേരിട്ടു പരിശോധനനടത്താനാനാണ് നിര്‍ദ്ദേശം.
രാജ് താക്കറെയുടെ വാദങ്ങളെ പിന്തുണച്ച് ശിവസേന (യു.ബി.ടി.) എം.പി. സഞ്ജയ് റാവുത്ത് രംഗത്തെത്തി. നവംബര്‍ 1-ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശിവസേന (യു.ബി.ടി.) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, രാജ് താക്കറെ, എന്‍.സി.പി.-എസ്.സി.പി. നേതാവ് ശരദ് പവാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും ഉദ്ദേശിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പുകളില്‍ ബിജെപി ‘ഒത്തുകളി’ നടത്തുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്ന വോട്ടു ചോരി ആരോപണത്തിന്റെ മറ്റൊരു പതിപ്പാണിത്. സമഗ്രമായ അന്വേഷണത്തിന്റെ ആവശ്യകതയാണിവിടെ തെളിയുന്നത്. എന്നാല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശിവസേനയും അവരുടെ മഹാസഖ്യവും തിരഞ്ഞെടുപ്പിനായി പൂര്‍ണ്ണമായി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍പട്ടികയിലെ കൃത്രിമത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ നേരത്തേയും മഹാരാഷ്ട്രയില്‍ ഉയര്‍ന്നിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 2024 നവംബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ‘കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ‘ നേരത്തേ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് കേവലം അഞ്ച് മാസം മുമ്പ് ചേര്‍ത്ത പുതിയ വോട്ടര്‍മാരുടെ എണ്ണം മുന്‍പത്തെ അഞ്ച് വര്‍ഷങ്ങളില്‍ ചേര്‍ത്ത ആകെ വോട്ടര്‍മാരുടെ എണ്ണത്തെക്കാള്‍ കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിപക്ഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വിമര്‍ശനങ്ങള്‍ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളെയാണ് പ്രതിഫലിക്കുന്നത്. വരും ആഴ്ചകളില്‍ നിര്‍ണായകമായ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഗുരുതരമായ ഈ ആരോപണങ്ങള്‍ ഉയരുന്നത്.