കടകളിലെ പ്രവേശന നിബന്ധനകള്‍ മാറ്റില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍ ; അശാസ്ത്രീയമെന്ന് പ്രതിപക്ഷം, സഭ വിട്ട് പ്രതിഷേധം

Friday, August 6, 2021

തിരുവനന്തപുരം : കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി  കെ.ബാബു എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ചരിത്രത്തില്‍ ഈ സര്‍ക്കാരിന് ‘പെറ്റി സര്‍ക്കാര്‍’ എന്ന പേര് വീഴുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. നിയന്ത്രണം അടിയന്തരമായി പിന്‍വലിക്കണമെന്നും പൊലീസല്ല പകര്‍ച്ചവ്യാധി നിയന്ത്രിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ്  പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.