പരാജയഭീതിയില്‍ എതിരാളികള്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു

Jaihind News Bureau
Monday, December 8, 2025

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വ്യാപകമായ പ്രചാരണ സാമഗ്രി നശിപ്പിച്ചത്. പട്ടഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ കാവില്‍ കളത്താണ് സംഭവം. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുജിത ചക്രാധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളുമാണ് സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും വലിച്ചു കീറുകയും ചെയ്ത നിലയിലാണ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനവും പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യവുമാണ്.

പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പില്‍ പരാജയം ഭയക്കുന്ന എതിര്‍ പാര്‍ട്ടിക്കാരാണ് ഇത്തരം കുത്സിത ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും, ഈ സംഭവത്തെ ജനാധിപത്യ വിരുദ്ധമായി കാണുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.