ഓപ്പറേഷന്‍ സിന്ദൂര്‍: പാക് മിറാഷ് വിമാനം വെടിവച്ചിട്ടതായി ഇന്ത്യ സ്ഥിരീകരിച്ചു; പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

Jaihind News Bureau
Monday, May 12, 2025

ന്യൂഡൽഹി: ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നിടെ പാകിസ്ഥാൻ്റെ മിറാഷ് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. തകർന്ന പാക് മിറാഷ് വിമാനത്തിൻ്റെ ദൃശ്യങ്ങൾ ഇന്ത്യൻ കരസേന ‘എക്‌സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു.

ഇന്ന് രാവിലെ നടന്ന സംയുക്ത സേനാ വാർത്താസമ്മേളനത്തിലാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായി, ഡയറക്ടർ ജനറൽ എയർ ഓപ്പറേഷൻസ് എയർ വൈസ് മാർഷൽ എ.കെ. ഭാരതി, ഡയറക്ടർ ജനറൽ ഓഫ് നേവൽ ഓപ്പറേഷൻസ് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് എന്നിവർ സംയുക്തമായാണ് വാർത്താസമ്മേളനം നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദിവസങ്ങൾ നീണ്ട സൈനിക സംഘർഷത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് എയർ ഡിഫൻസ് സിസ്റ്റത്തിൻ്റെ പ്രകടനം നിർണായകമായിരുന്നുവെന്ന് എയർ വൈസ് മാർഷൽ എ.കെ. ഭാരതി പറഞ്ഞു. “ഞങ്ങളുടെ യുദ്ധ-പരിശോധന നടത്തിയ സംവിധാനങ്ങൾ കാലത്തിൻ്റെ പരീക്ഷണങ്ങളെ അതിജീവിച്ചു. തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനമായ ആകാശ് സിസ്റ്റത്തിൻ്റെ മികച്ച പ്രകടനമാണ് മറ്റൊരു പ്രധാന കാര്യം. കഴിഞ്ഞ ദശാബ്ദത്തിൽ കേന്ദ്രസർക്കാരിൽ നിന്നുള്ള ബജറ്റ്, നയ പിന്തുണ കാരണമാണ് ശക്തമായ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനും പ്രവർത്തനക്ഷമമാക്കാനും സാധിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അഭിസംബോധനയാണിത്.

മെയ് 7ന് പുലർച്ചെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. വെറും 25 മിനിറ്റിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയായി. ലഷ്കർ-ഇ-ത്വയ്യിബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള നൂറിലധികം ഭീകരരെ വധിക്കുകയും ഭീകര ക്യാമ്പുകൾ തകർക്കുകയും ചെയ്തതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.