സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി; പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നു

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സമ്പൂർണ അഴിച്ചുപണിക്ക് വഴി ഒരുക്കി കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽകി.

കോൺഗ്രസ് മന്ത്രിമാരാണ് ആദ്യം രാജിവെച്ചത്. 21 കോൺഗ്രസ് മന്ത്രിമാർ കൂട്ടത്തോടെ രാജിവെച്ചു. പിന്നാലെ ജെ.ഡി.എസ് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. മന്ത്രിമാരെല്ലാം രാജിവെച്ചെന്നും ഉടൻ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. നാളെയാണ് സ്പീക്കർ രമേശ് കുമാർ വിധാൻ സൗധയിൽ തിരിച്ചെത്തുന്നത്. എം.എൽ.എമാരുടെ രാജി സംബന്ധിച്ച് സ്പീക്കറുടെ തീരുമാനം
നിർണായകമാണ്.

നാളെ രാവിലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിമത എം.എൽ.എ മാർക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം ഇന്ന് രാജിവെച്ച മന്ത്രിയും സ്വതന്ത്ര എം.എൽ.എയുമായഎച്ച് നാഗേഷിനെ യെദിയൂരപ്പയുടെ പി.എയും സംഘവും തട്ടിക്കൊണ്ടുപോയതാണെന്ന് തന്നോട് പറഞ്ഞതായി മന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു.

രാജിവെച്ച 13 എം.എൽ.എമാർ ഇപ്പോഴും മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് തങ്ങുന്നത്. ഇവരെ കാണുന്നതിൽ നിന്നും കോൺഗ്രസ് നേതാക്കളെ മഫ്തി പോലീസ് തടഞ്ഞു. ഭരണം നഷ്ടപ്പെടാതിരിക്കാൻ എന്തുവേണമെങ്കിലും ചെയ്യാൻ തയാറാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര നേരത്തെ വ്യക്തമാക്കിയിരുന്നു. രാജി നൽകിയ മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാമലിംഗ റെഡ്ഡിയുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. റെഡ്ഡി രാജി പിൻവലിച്ചേക്കുമെന്നും മുംബൈയിലേക്കു പോകില്ലെന്നുമാണ് സൂചന.

രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ജി പരമേശ്വരയുടെ വീട്ടിൽ ചേർന്നിരുന്നു. ഗവർണർ വാജു ഭായ് വാല വിമതരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബംഗളുരുവിൽ ക്യാമ്പ് ചെയതാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

karnatakaKC VenugopalHD Kumaraswamy
Comments (0)
Add Comment