തിരുവനന്തപുരം : കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള തില്ലങ്കേരി ഡിവിഷന്‍റെ തെരഞ്ഞെടുപ്പ് ഫലമാണ് സിപിഎമ്മിന്‍റെയും ബിജെപിയുടേയും ‘ഓപ്പറേഷന്‍ തില്ലങ്കേരി’. തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന്‍റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തതിലെ അന്തർധാരയാണ് ഇപ്പോള്‍ കണ്ണൂരിലെ ചർച്ചാവിഷയം. കേരളത്തിനെ കോണ്‍ഗ്രസ് മുക്തമാക്കാനുള്ള സിപിഎം-ബിജെപി നീക്കത്തിന്‍റെ ആദ്യപരീക്ഷണമാണ് തില്ലങ്കേരിയില്‍ നടന്നത്.
തില്ലങ്കേരിയിലെ ബിജെപിയുടെ വോട്ടുനില നീക്കത്തിന് ബലം നല്‍കുന്നതാണ്. 285 വോട്ടിനായിരുന്നു കഴിഞ്ഞതവണ യുഡിഎഫ് ഇവിടെ വിജയിച്ചത്. ഇത്തവണ സിപിഎം സ്ഥാനാർത്ഥി ബിനോയ് കുര്യന്‍റെ ഭൂരിപക്ഷം 6950 ആയി. കഴിഞ്ഞതവണ 3333 വോട്ട് നേടിയിരുന്ന ബിജെപിയുടെ വോട്ടാകട്ടെ ഇത്തവണ 1333 ആയി കുറഞ്ഞു. ഇതില്‍ നിന്നും ചുരുങ്ങിയത് രണ്ടായിരത്തില്‍ കൂടുതല്‍ ബിജെപി വോട്ട് ബിനോയിക്ക് ലഭിച്ചു എന്നതാണ് തില്ലങ്കേരിയിലെ രാഷ്ട്രീയമാപിനിയില്‍ തെളിയുന്നത്.
യുഡിഎഫിന് സ്വാധീനമുള്ള തില്ലങ്കേരിയില്‍ സിപിഎം-ബിജെപി അന്തർധാര വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഇരുപാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാന്‍ പോകുന്ന കൊടുക്കലും വാങ്ങലിന്‍റെയും മുന്നൊരുക്കമാണ് തില്ലങ്കേരിയില്‍ നടന്നത്. പുറത്ത് നാട്ടുകാർക്കും അണികള്‍ക്കുമായി ബിജെപി വിരുദ്ധതയുടെ അപ്പോസ്തലന്മാർ തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം അവരുടെ ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയില്‍ തന്നെയാണ് ഇത്തരം പരീക്ഷണം ആരംഭിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
ആർഎസ്എസിന്‍റെയും സിപിഎമ്മിന്‍റെയും കൊലപാതക രാഷ്ട്രീയത്തില്‍ വിറങ്ങലിച്ചുനിന്ന കണ്ണൂർ ജില്ലയില്‍ തന്നെ പുതിയ രാഷ്ട്രീയബന്ധം സ്ഥാപിക്കുന്നത് സിപിഎം വിശ്വാസികളിലും ആർഎസ്എസ് ബിജെപി അനുഭാവികളിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആവർത്തിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് സൂചനകള്‍.