പാകിസ്ഥാനുമായി സംഘര്‍ഷം വര്‍ദ്ധിപ്പിക്കില്ല, തിരിച്ചടിക്കാന്‍ ഇന്ത്യ ഇനിയും തയ്യാര്‍; മിന്നലാക്രമണത്തിനു ശേഷമുള്ള പാക്കിസ്ഥാന്റെ കൂടുതല്‍ ചിത്രങ്ങള്‍

Jaihind News Bureau
Wednesday, May 7, 2025

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി, ഇന്ത്യന്‍ സായുധ സേന ബുധനാഴ്ച പുലര്‍ച്ചെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിജയകരമായി നടപ്പാക്കി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (PoK) ഒന്‍പത് ‘ഭീകര താവളങ്ങളില്‍’ ലക്ഷ്യമിട്ട ആക്രമണം നടത്തി. പാകിസ്ഥാനിലെ സൈനിക നടപടി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, ‘നീതി നടപ്പായി. ജയ് ഹിന്ദ്!’ എന്ന് ഇന്ത്യന്‍ കരസേന എക്സിലെ പോസ്റ്റില്‍ കുറിച്ചു.

എന്നാല്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. എന്നാല്‍ ഇനിയും ദൃഢനിശ്ചയത്തോടെ തിരിച്ചടിക്കാന്‍ തയ്യാറാണെന്നും എന്‍എസ്എ ഡോവല്‍ പറഞ്ഞു

ബൈസരനിലെ ഭീകരാക്രമണത്തിന് ശക്തമായ നടപടിയെടുക്കുമെന്ന് പ്രതിജ്ഞയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, രാത്രി മുഴുവന്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നേരിട്ട് നിരീക്ഷിച്ചിരുന്നു. ദൗത്യത്തിനു ശേഷം സേനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവര്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ഇന്ത്യന്‍ സായുധ സേന തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങള്‍ ശക്തമായ രഹസ്യാന്വേഷണ വിവരങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തമാക്കി. ഓപ്പറേഷനില്‍ പാകിസ്ഥാന്റെ സൈനിക താവളങ്ങളൊന്നും ആക്രമിക്കപ്പെട്ടില്ലെന്നും കേണല്‍ ഖുറേഷി വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പാകിസ്ഥാന്‍ ബന്ധം വ്യക്തമായി സ്ഥാപിക്കപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

‘ഓപ്പറേഷന്‍ സിന്ദൂറില്‍’ ലക്ഷ്യമിട്ട സ്ഥലങ്ങളുടെ പട്ടിക:
ബഹവല്‍പൂര്‍: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഇത് ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ആസ്ഥാനമാണ്.
മുറിദ്കെ: സാംബയ്ക്ക് എതിര്‍വശത്ത് അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ. ഇത് ലഷ്‌കര്‍-ഇ-ത്വയ്ബയുടെ (എല്‍ഇടി) ക്യാമ്പാണ്.
ഗുല്‍പൂര്‍: പൂഞ്ച്-രജൗരിയിലെ നിയന്ത്രണ രേഖയില്‍ (LoC) നിന്ന് 35 കിലോമീറ്റര്‍ അകലെ.
സവായിയിലെ എല്‍ഇടി ക്യാമ്പ്: തങ്ധാര്‍ സെക്ടറില്‍, പാക് അധീന കശ്മീരില്‍ 30 കിലോമീറ്റര്‍ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.


‘ഓപ്പറേഷന്‍ സിന്ദൂറില്‍’ ലക്ഷ്യമിട്ട സ്ഥലങ്ങളുടെ പട്ടിക:
ബിലാല്‍ ക്യാമ്പ്: ജെഇഎമ്മിന്റെ ഒരു ലോഞ്ച്പാഡ്.
കോട്ലിയിലെ എല്‍ഇടി ക്യാമ്പ്: രജൗരിക്ക് എതിര്‍വശത്ത് നിയന്ത്രണ രേഖയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ.
ബര്‍ണാല ക്യാമ്പ്: രജൗരിക്ക് എതിര്‍വശത്ത് നിയന്ത്രണ രേഖയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ.
സര്‍ജല്‍ ക്യാമ്പ്: സാംബ-കത്വയ്ക്ക് എതിര്‍വശത്ത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ (IB) നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയുള്ള ജെഇഎം ക്യാമ്പ്.
മെഹ്മൂന ക്യാമ്പ്: സിയാല്‍കോട്ടിന് സമീപം, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (HM) പരിശീലന ക്യാമ്പ്.









ഈ ഓപ്പറേഷന്‍, ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു. കൃത്യമായ ആസൂത്രണത്തോടെയും രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലുമായിരുന്നു ആക്രമണം നടത്തിയത്.