ഓപ്പറേഷന്‍ സിന്ദൂർ വിശദീകരിച്ചത് ഇന്ത്യയുടെ പെണ്‍പുലികള്‍; കണക്ക് തീര്‍ക്കുമെന്ന് വ്യക്തമാക്കി കേണല്‍ സോഫിയയും വിങ് കമാന്‍ഡര്‍ വ്യോമികയും

Jaihind News Bureau
Wednesday, May 7, 2025

ഓപ്പറേഷന്‍ സിന്ദൂര്‍- ഏപ്രില്‍ 22ന് പഹല്‍ഗാം മണ്ണില്‍ വീണ ഇന്ത്യന്‍ സ്ത്രീകളുടെ കണ്ണീരിന് എണ്ണിയെണ്ണി കണക്കു പറഞ്ഞ സൈനിക മിന്നല്‍ ആക്രമണം. പാകിസ്ഥാന്‍ ഭീകരരുടെ 9 കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ആസൂത്രികമായി നടത്തിയ ആക്രമണമായിരുന്നു ഇത്. രാജ്യത്തിന് അഭിമാനമായ ഈ ഓപ്പറേഷന്റെ വിവരങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതാ ഉദ്യാഗസ്ഥരെ- കേണല്‍ സോഫിയയും വിങ് കമാന്‍ഡര്‍ വ്യോമികയും. ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ധീര വനിതകളെ ഇന്ത്യന്‍ ജനത അറിയുന്നത്. ഇപ്പോള്‍ നടന്നത് പാകിസ്ഥാനുള്ള മുന്നറിയിപ്പാണെന്നും പിന്നാലെ വന്ന് കണക്ക് തീര്‍ക്കും എന്നും വ്യക്തമായ മുന്നറിയിപ്പാണ് ഇരുവരും നല്‍കിയത്.

ഇന്ത്യന്‍ സൈന്യത്തിലെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ഓഫീസറാണ് കൂട്ടത്തില്‍ ഒരാളായ കേണല്‍ സോഫിയ ഖുറേഷി. ആസിയാന്‍ പ്ലസ് മള്‍ട്ടിനാഷണല്‍ ഫീല്‍ഡ് ട്രെയിനിങ് എക്‌സര്‍സൈസില്‍ ഇന്ത്യന്‍ ട്രൂപ്പിനെ നയിച്ചതും ഇതേ സോഫിയ ആയിരുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മിലിട്ടറി ഡ്രില്ലിലെ ഏക വനിതാ ഓഫീസര്‍ കൂടിയാണ് സോഫിയ. യുഎന്‍ പീസ് കീപ്പിങ് ഓപ്പറേഷനില്‍ ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആക്രമിച്ച പാകിസ്ഥാന്റെ 9 ക്യാംപുകളും എന്തുകൊണ്ട് ആക്രമിച്ചു എന്നും വിശദീകരിച്ചായിരുന്നു സോഫിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചത്. എല്ലാത്തിനും ഇന്ത്യന്‍ സേനയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.

വ്യോമിക സിങ് വിങ് കമാന്‍ഡര്‍ ആണ്. കുട്ടിക്കാലം മുതല്‍ക്കേ വ്യോമസേനയില്‍ പൈലറ്റാകാന്‍ കൊതിച്ച പോരാളിയാണ് വ്യോമിക. എഞ്ചിനീയറിങ് പഠനത്തിന് ശേഷം സേനയില്‍ ചേര്‍ന്നു. 2019ല്‍ ഹെലികോപ്ടര്‍ പറത്താനുള്ള പെര്‍മനന്റ് കമ്മീഷന്‍ വ്യോമിക നേടിയെടുത്തു. 2500 ഫ്‌ളയിങ് മണിക്കൂറുകളാണ് വ്യോമികയുടെ പേരില്‍ റെക്കോര്‍ഡുള്ളത്. ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്ടറുകള്‍ അനായാസം പറത്തുന്ന ഇന്ത്യയുടെ പെണ്‍പുലി. രക്ഷാപ്രവര്‍ത്തനങ്ങളിലും വ്യോമികയുടെ സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ട്.