ന്യൂഡല്‍ഹി: ഇനി രാജ്യത്തുണ്ടാകുന്ന ഏത് ഭീകരാക്രമണവും യുദ്ധപ്രവര്‍ത്തനമായി കണക്കാക്കുമെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക മേധാവികള്‍ എന്നിവരുമായി ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7ന് ഇന്ത്യന്‍ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകരരുടെ കേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണം നടത്തിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.
ശനിയാഴ്ച സര്‍ക്കാര്‍ സ്ഥിരീകരിച്ചതനുസരിച്ച്, പാകിസ്ഥാന്റെ ആക്രമണത്തില്‍ നാല് പ്രധാന ഇന്ത്യന്‍ വ്യോമസേനാ (ഐഎഎഫ്) കേന്ദ്രങ്ങളായ ഉധംപൂര്‍, പത്താന്‍കോട്ട്, ആദംപൂര്‍, ഭുജ് എന്നിവിടങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇതിന് പ്രതികാരമായി ഇന്ത്യന്‍ സായുധ സേന പാകിസ്ഥാന്റെ ആറ് വ്യോമതാവളങ്ങളായ റഫീഖി, മുരീദ്, ചക്ലാല, റഹീം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയന്‍ എന്നിവിടങ്ങളില്‍ കൃത്യവും കണിശവുമായ ആക്രമണങ്ങള്‍ നടത്തി. ഈ വേഗത്തിലുള്ളതും കണക്കുകൂട്ടിയുള്ളതുമായ ആക്രമണങ്ങള്‍ സിവിലിയന്‍ നഷ്ടം പരമാവധി കുറയ്ക്കുന്ന രീതിയിലായിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു. പാക്കിസ്ഥാന്റെ വിമാനത്താവളങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളും അടച്ചിരുന്നു.