ഇന്ത്യയില്‍ തുര്‍ക്കിയ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ശക്തമാകുമ്പോഴും, പാകിസ്ഥാനുമായുള്ള ‘സഹോദരബന്ധത്തിന്’ കൂടുതല്‍ ഊന്നല്‍ നല്‍കി തുര്‍ക്കിയ പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്‍. ഓപ്പറേഷന്‍ സിന്ദൂറി’ന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (POK) ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തിയപ്പോള്‍, പാക്കിസ്ഥാന്‍ പ്രതികരിച്ചത് ഡ്രോണ്‍ ആക്രമണത്തിലൂടെയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തുര്‍ക്കിയ നിര്‍മ്മിത ബയ്റക്ടര്‍ ടിബി2, വൈഐഎച്ച്എ (YIHA) ഡ്രോണുകളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്. ആയുധ സഹായം നല്‍കിയത് മാത്രമല്ല, തുര്‍ക്കിയ സൈനികരെയും പാകിസ്ഥാന് നല്‍കി എന്നതാണ് ഇന്ത്യക്കാരെ തുര്‍ക്കിയക്ക് എതിരായ വികാരം രൂപപ്പെടാന്‍ കൂടുതല്‍ പ്രകോപിപ്പിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂറി’നിടെ രണ്ട് തുര്‍ക്കിയ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
2023ലെ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് ‘ഓപ്പറേഷന്‍ ദോസ്ത്’ വഴി ഇന്ത്യ തുര്‍ക്കിയക്ക് സഹായം എത്തിച്ചിരുന്നു. എന്നാല്‍, ഇതിന് പകരമായി ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ഡ്രോണുകള്‍ നല്‍കിയത് ചതിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതേത്തുടര്‍ന്ന് #BoycottTurkey എന്ന ഹാഷ്ടാഗ് ഇന്ത്യയില്‍ ട്രെന്‍ഡിംഗിലാണ്. ഇന്ത്യക്കാര്‍ തുര്‍ക്കിയയിലേക്കുള്ള യാത്രകള്‍ റദ്ദാക്കുകയും തുര്‍ക്കിയ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയുമാണ്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ‘ബോയ്കോട്ട് ടര്‍ക്കി’ പ്രസ്ഥാനത്തിന് പിന്തുണ നല്‍കുന്നുണ്ട്.
തുര്‍ക്കിയിലേക്കുള്ള ടൂറിസ്റ്റ് ബുക്കിംഗുകളില്‍ റദ്ദാക്കലുകള്‍ക്ക് 250% വര്‍ധനവുണ്ടായി. പുറമെ, ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അങ്കാറയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. തുര്‍ക്കിയ സര്‍വകലാശാലയുമായുള്ള കരാര്‍ ജെഎന്‍യു റദ്ദാക്കി. സിനിമാ നിര്‍മ്മാതാക്കള്‍ ഷൂട്ടിംഗില്‍ ആ രാജ്യം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നിരുന്നാലും, എര്‍ദ്ദോഗന്‍ കുലുങ്ങിയിട്ടില്ല. പാക്കിസ്ഥാനുമായി സഹോദരബന്ധമാണെന്ന സൂചനയാണ് നല്‍കുന്നത്. യഥാര്‍ത്ഥ സൗഹൃദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് തുര്‍ക്കിയ- പാക് ബന്ധമെന്നാണ് തുര്‍ക്കിയ ഭാഷയില്‍ നല്‍കിയ ട്വീറ്റില്‍ എര്‍ദ്ദോഗന്‍ സൂചിപ്പിക്കുന്നത്.