ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധസേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍, എല്ലാ ഇന്ത്യന്‍ പൗരന്മാരും ഈ ഘട്ടത്തില്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു . ഓപ്പറേഷന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പൊതു പ്രതികരണമായിരുന്നു ഇത്. പാകിസ്ഥാനുള്ളില്‍ കടന്നുകയറി ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധസേന നടത്തിയ ധീരമായ മുന്നേറ്റത്തെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും യോഗത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ ധരിപ്പിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തിനെത്തി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സന്ദീപ് ബന്ദോപാധ്യായ, ഡിഎംകെയുടെ ടി.ആര്‍. ബാലു എന്നിവരും പങ്കെടുത്തു. സമാജ്വാദി പാര്‍ട്ടിയുടെ റാം ഗോപാല്‍ യാദവ്, എഎപിയുടെ സഞ്ജയ് സിംഗ്, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, എന്‍സിപി (എസ്പി)യുടെ സുപ്രിയ സുലെ, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, ബിജെഡിയുടെ സസ്മിത് പത്ര തുടങ്ങിയ മറ്റ് പ്രതിപക്ഷ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സായുധ സേനയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ജെയ്ഷെ മുഹമ്മദ് (ജെഇഎം), ലഷ്‌കറെ തൊയ്ബ (എല്‍ഇടി) എന്നിവയുമായി ബന്ധമുള്ള ഒമ്പത് ഭീകര ക്യാമ്പുകളാണ് ബുധനാഴ്ച ഇന്ത്യന്‍ സേന തകര്‍ത്തത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ പഹല്‍ഗാമില്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനുള്ള മറുപടിയായിരുന്നു കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ഈ അതിര്‍ത്തി കടന്നുള്ള ആക്രമണം.
അതിനിടെ, ‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന വ്യാജപ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍, സാമൂഹിക മാധ്യമങ്ങളിലെ ദേശവിരുദ്ധ പ്രചാരണങ്ങള്‍ നിരീക്ഷിക്കാനും വേഗത്തില്‍ നടപടിയെടുക്കാനും കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം രാജ്യത്ത് ഐക്യസന്ദേശം നല്‍കുകയും സര്‍ക്കാരിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.