ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളുടെ പഠനച്ചിലവുകളും ഏറ്റെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് ഗാന്ധി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നുള്ള കുട്ടികളാണ് ഇവര്‍. കഴിഞ്ഞ മെയ് മാസത്തില്‍ രാഹുല്‍ ഇവിടെ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നേരില്‍കണ്ട് വിലയിരുത്തുകയും ചെയ്തിരുന്നു.
സഹായത്തിന്റെ ആദ്യ ഗഡു ബുധനാഴ്ച വിതരണം ചെയ്യുമെന്നും കുട്ടികള്‍ ബിരുദം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് മേധാവി താരിഖ് ഹമീദ് കൂട്ടിച്ചേര്‍ത്തു. മേയില്‍ പൂഞ്ച് സന്ദര്‍ശനത്തിനിടെ ദുരിതബാധിത കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ രാഹുല്‍ ഗാന്ധി പ്രാദേശിക പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് കുട്ടികളുടെ പേരുകള്‍ അന്തിമമാക്കിയതെന്നാണ് വിവരം.
അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച പട്ടണങ്ങളിലൊന്നായിരുന്നു പൂഞ്ച്. മതപാഠശാലയ്ക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ അര ഡസനോളം കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഭയാനകമായ ദുരന്തമാണ് ഉണ്ടായതെന്നും സ്ഥിതിഗതികള്‍ മനസ്സിലാക്കാനും സഹായത്തിനുമായാണ് താന്‍ ഇവിടെ എത്തിയതെന്നും, താഴ്വര സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.