ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങി. ജൂലൈ 29 മുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി. ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിക്കും. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിര്‍ണായക ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തലുണ്ടാക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലാണ് സര്‍ക്കാരിനെ ഇപ്പോഴും വെട്ടിലാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം ദിവസങ്ങളായി സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രത്യേക ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
സര്‍ക്കാരിന്റെ ഒളിച്ചോട്ടം വിലപ്പോയില്ല
ചര്‍ച്ച വെള്ളിയാഴ്ച ആരംഭിക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ കാരണം പറഞ്ഞ് സര്‍ക്കാര്‍ ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും, രാജ്യത്തിന്റെ അഭിമാനത്തെ ബാധിക്കുന്ന വിഷയത്തില്‍ പോലും സത്യം പറയാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച, ബിഹാറിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവാദമായ പ്രത്യേക തീവ്രപരിശോധന തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം സഭയില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ബിസിനസ്സ് അഡൈ്വസറി കമ്മിറ്റി (BAC) എല്ലാ ആഴ്ചയും യോഗം ചേര്‍ന്ന് സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജൂലൈ 26-ലെ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങള്‍ക്ക് ശേഷം ചര്‍ച്ച വെച്ചതിലൂടെ, സൈനിക നടപടിയെ ദേശീയതയ്ക്കു കീഴില്‍ അവതരിപ്പിച്ച് യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷം കരുതുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7-ന് ഇന്ത്യ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. കേവലം 22 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഓപ്പറേഷന്‍ ഒരു ‘വിജയ് ഉത്സവ’മായിരുന്നു എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍, ഇത്രയും വലിയൊരു ഭീകരാക്രമണം നടക്കാന്‍ കാരണം സര്‍ക്കാരിന്റെ കൊടിയ സുരക്ഷാ വീഴ്ചയല്ലേ എന്ന ചോദ്യത്തിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല. ട്രംപിന്റെ വെളിപ്പെടുത്തലോടെ, ഈ ‘വിജയ ഉത്സവ’ത്തിന്റെ യഥാര്‍ത്ഥ ചിത്രം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും കിരണ്‍ റിജിജുവും സര്‍വകക്ഷി യോഗത്തിന് ശേഷം പ്രതികരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച വൈകിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അവരുടെ ഇരട്ടത്താപ്പാണ് വെളിവാക്കിയത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്, ദേശീയ സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ പോരാട്ടത്തിനായിരിക്കും.