ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ആക്രമണം. പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്ക് പകരം തീവ്രവാദി കേന്ദ്രങ്ങളെ പിന്തുടര്‍ന്ന് ഇല്ലാതാക്കുമെന്ന് ഇന്ത്യ താക്കീതു ചെയ്തിരുന്നു. പാകിസ്ഥാന്‍ സൈനിക സ്ഥാപനങ്ങളെയൊന്നും ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ ഉറപ്പിച്ചു പറയുന്നു. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തത്. ഇവിടെ നിന്നാണ് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നത്. ആക്രമണത്തിന് ശേഷം, ‘നീതി നടപ്പായി’ എന്ന സന്ദേശത്തോടെ കരസേന എക്‌സില്‍ ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
ഏറ്റവും വലിയ രണ്ട് ആക്രമണങ്ങള്‍ നടന്നത് ജെയ്‌ഷെ-മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവല്‍പൂരിലും മുറിദ്‌കെയിലുമാണ്. ഇവിടെ ഓരോ സ്ഥലത്തും 25-30 ഭീകരര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. മുറിദ്‌കെയില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ പ്രധാന ആസ്ഥാനമായ ‘മസ്ജിദ് വാ മര്‍ക്കസ് തയ്ബ’ ആയിരുന്നു ലക്ഷ്യം. ഇത് പാകിസ്ഥാന്റെ ‘ഭീകര നഴ്‌സറി’യായി ദീര്‍ഘകാലമായി കണക്കാക്കപ്പെടുന്നു.
മറ്റ് ലക്ഷ്യസ്ഥാനങ്ങളിലെ മരണസംഖ്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇപ്പോഴും വിലയിരുത്തി വരികയാണ്. ആകെ 80-നും 90-നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. തകര്‍ത്ത കേന്ദ്രങ്ങളില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍, പരിശീലന ക്യാമ്പുകള്‍, മതമൗലികവാദ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ലക്ഷ്യമിട്ട മറ്റ് ജെയ്‌ഷെ-മുഹമ്മദ് കേന്ദ്രങ്ങള്‍:
തെഹ്‌റ കലാനിലെ സര്‍ജല്‍, കോട്‌ലിയിലെ മര്‍ക്കസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്‌ന ബിലാല്‍ ക്യാമ്പ്. ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധമുള്ള ബര്‍ണാലയിലെ മര്‍ക്കസ് അഹ്ലെ ഹദീസ്, മുസാഫറാബാദിലെ ശ്വാവായി നല്ല ക്യാമ്പ് എന്നിവയും തകര്‍ത്തു.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കോട്‌ലിയിലെ മര്‍ക്കസ് റഹീല്‍ ഷാഹിദ്, സിയാല്‍കോട്ടിലെ മെഹ്മൂന ജോയ എന്നീ പരിശീലന കേന്ദ്രങ്ങളും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഒന്‍പത് കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമായിരുന്നു. പാക് സൈന്യം, ഐഎസ്‌ഐ, സ്പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ് (എസ്എസ്ജി) എന്നിവര്‍ ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നതായി വൃത്തങ്ങള്‍ പറയുന്നു.
അത്യാധുനിക ദീര്‍ഘദൂര പ്രിസിഷന്‍ ആയുധങ്ങളാണ് ഇന്ത്യ ഓപ്പറേഷനില്‍ ഉപയോഗിച്ചത്. പാകിസ്ഥാന്റെ ഉള്ളിലേക്ക് നടത്തിയ വ്യോമാക്രമണങ്ങള്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു. ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളില്‍ പോലും കൃത്യമായി എത്താന്‍ കഴിവുള്ള സ്‌കാല്‍പ് ക്രൂയിസ് മിസൈലുകളും, പ്രിസിഷന്‍-ഗൈഡഡ് എയര്‍-ടു-ഗ്രൗണ്ട് ഹാമര്‍ ബോംബുകളും ഇവയില്‍ ഘടിപ്പിച്ചിരുന്നു.