ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെയും തുടര്‍ന്നുണ്ടായ ‘ഓപ്പറേഷന് സിന്ദൂര്‍’ സൈനിക നടപടിയെയും ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷ വാക്പോര്. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ട് ലോക്സഭയില്‍ പ്രിയങ്ക ഗാന്ധി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
ലോക്സഭയില്‍ പ്രിയങ്കയുടെ ചോദ്യങ്ങള്‍
ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ച പ്രിയങ്ക ഗാന്ധി, രാജ്യസുരക്ഷയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞു. 1948 മുതല്‍ മരുഭൂമിയിലും കൊടുംവനങ്ങളിലും മഞ്ഞുമലകളിലും രാജ്യത്തെ സംരക്ഷിക്കുന്ന സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് അവര്‍ പ്രസംഗം ആരംഭിച്ചത്.
‘ജമ്മു കശ്മീരില്‍ എല്ലാം ശാന്തമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നത്?’ പ്രിയങ്ക ചോദിച്ചു. ഏപ്രില്‍ 22ന് ആക്രമണം നടക്കുമ്പോള്‍ പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പോലും ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു.
‘പ്രതിരോധമന്ത്രി ഇന്നലെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം നടത്തി, അതില്‍ പല കാര്യങ്ങളും പറഞ്ഞു. എന്നാല്‍ ഒരു പ്രധാന കാര്യം വിട്ടുപോയി. 26 നിരപരാധികളായ ഇന്ത്യക്കാര്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട ഏപ്രില്‍ 22ലെ ആക്രമണം എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു?’ അതിനെക്കുറിച്ച് ഒന്നും പറയാനില്ലേ.. ? പ്രിയങ്ക ചോദിച്ചു.
സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് ചോദിച്ച പ്രിയങ്ക, ‘ഈ രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം ആര്‍ക്കാണ്? അത് പ്രധാനമന്ത്രിക്കില്ലേ? ആഭ്യന്തരമന്ത്രിക്കില്ലേ? പ്രതിരോധമന്ത്രിക്കില്ലേ? ദേശീയ സുരക്ഷാ ഉപദേഷ്ടാവിനില്ലേ?’ എന്ന് സഭയില്‍ ചോദ്യമുയര്‍ത്തി. പഹല്‍ഗാം ആക്രമണത്തിന് ശേഷം ആഭ്യന്തരമന്ത്രിയോ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയോ രാജിവെച്ചോ എന്നും അവര്‍ ചോദിച്ചു.
ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് വേണ്ടി സോണിയാ ഗാന്ധി കരഞ്ഞുവെന്ന അമിത് ഷായുടെ ആരോപണത്തിനും പ്രിയങ്ക ശക്തമായ മറുപടി നല്കി. ‘എന്റെ അമ്മയുടെ കണ്ണുനീര് വീണത് ഭീകരവാദികള്‍ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയപ്പോഴാണ് (മേരി മാ കേ ആന്‍സു തബ് ഗിരേ ജബ് ഉന്കെ പതി കോ ആതങ്ക്വാദിയോ നേ ശഹീദ് കിയാ),’ അവര്‍ പറഞ്ഞു.