ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മന്ത്രിമാരും എംപിമാരും സായുധ സേനയെ അപമാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.
‘കോണ്‍ഗ്രസ് ആയുധ നിര്‍മ്മാണ ശാലകള്‍ ഉണ്ടാക്കി, നിങ്ങള്‍ നുണ ഫാക്ടറികളാണ് നിര്‍മ്മിച്ചത്,’ മുന്‍ സര്‍ക്കാരുകളുടെ കാലത്തെ ദേശീയ സുരക്ഷാ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന് ഭരണപക്ഷത്തെ ഖാര്‍ഗെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ ഭീകരവാദ ശൃംഖല തകര്‍ത്തുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പഹല്‍ഗാമില്‍ എങ്ങനെ ഭീകരാക്രമണം നടന്നുവെന്നതില്‍ സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ സുരക്ഷയെക്കുറിച്ചുള്ള സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിന് പകരം പ്രധാനമന്ത്രി ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിനെയും ഖാര്‍ഗെ വിമര്‍ശിച്ചു. ഇത് ദേശീയ സുരക്ഷയോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമിലെ ക്രൂരമായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ഖാര്‍ഗെ, അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. വികാരഭരിതമായ വാക്കുകളോടെ അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു: ‘മെഹന്ദി പുരട്ടിയ കൈകളാല്‍ ഭാര്യമാര്‍ക്ക് ഭര്ത്താക്കന്മാരുടെ ശവമെടുക്കേണ്ടി വന്നു, നിസ്സഹായരായ കുട്ടികള്‍ക്ക് അച്ഛന്റെ ജീവന് നഷ്ടപ്പെട്ടു, കണ്ണീരോടെ നിസ്സഹായയായി നില്ക്കുന്ന സ്ത്രീകളെ ഞങ്ങള്‍ കണ്ടു, പഹല്‍ഗാം താഴ്വരയില് നമ്മുടെ പ്രിയപ്പെട്ടവര്‍ മരിക്കുന്നത് ഞങ്ങള്‍ കണ്ടു.’
ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി രാജ്യസഭാ സമ്മേളനം ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീട്ടിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വൈകുന്നേരം 6 മണിയോടെ സഭയില്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.