ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ്, ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തുവിട്ടു. ‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നടപ്പിലാക്കി. നീതി നടപ്പായി,’ (Planned, trained & executed. Justice served) എന്ന അടിക്കുറിപ്പോടെയാണ് കരസേന വീഡിയോ പങ്കുവെച്ചത്.
ഇന്ത്യന്‍ കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കത്യാര്‍ ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള മുന്നണി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ‘ഓപ്പറേഷന്‍ സിന്ദൂറി’നിടെ സൈനികര്‍ നല്‍കിയ കൃത്യവും ശക്തവുമായ മറുപടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. സൈനികരുടെ ധീരമായ നടപടികളെ അദ്ദേഹം പ്രശംസിക്കുകയും അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
പുറത്തുവന്ന പുതിയ വീഡിയോ, ഓപ്പറേഷന്റെ നിര്‍ണായക ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നാണ് സൂചന. രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൃത്യമായ ആസൂത്രണവും നിര്‍വ്വഹണ വൈദഗ്ധ്യവും ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി പ്രതിരോധ വൃത്തങ്ങള്‍ വിലയിരുത്തുന്നു.