ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യ ലക്ഷ്യമിട്ടത് നിരപരാധികളെ കൊന്ന ഭീകരവാദികളെ; മിന്നലാക്രമണത്തില്‍ സൈന്യത്തെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Jaihind News Bureau
Wednesday, May 7, 2025

ഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണം നടത്തിയ സായുധ സേനയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ഒന്‍പത് ‘ഭീകര താവളങ്ങളിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ സൈനിക നടപടി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, ‘നീതി നടപ്പായി. ജയ് ഹിന്ദ്!’ എന്ന് ഇന്ത്യന്‍ കരസേന എക്സിലെ പോസ്റ്റില്‍ കുറിച്ചു. ബൈസരനിലെ ഭീകരാക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ രാത്രി മുഴുവന്‍ നേരിട്ട് നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

നിരപരാധികളെ കൊന്നവരെയാണ് ഈ നടപടിയിലൂടെ സൈന്യം ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (BRO) അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയ സായുധ സേനയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നന്ദി അറിയിച്ചു.

‘ഈ ഓപ്പറേഷന്‍ നമ്മുടെ സൈനിക കൃത്യത മാത്രമല്ല, നമ്മുടെ ധാര്‍മ്മിക സംയമനവും പ്രതിഫലിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ നിരപരാധികളെ ഉപദ്രവിച്ചവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്,’ അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ താമസസ്ഥലങ്ങളെയോ സാധാരണ ജനങ്ങളെയോ ബാധിക്കാതിരിക്കാന്‍ സായുധ സേന അതീവ ശ്രദ്ധ പുലര്‍ത്തിയെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.