‘ഓപ്പറേഷന്‍ സിന്ദൂര്‍’: ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘം ജപ്പാനില്‍; ഗാന്ധി സ്മൃതിയോടെ പര്യടനം തുടങ്ങി

Jaihind News Bureau
Thursday, May 22, 2025

ടോക്കിയോ: ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായി ജനതാദള്‍ (യുണൈറ്റഡ്) എംപി സഞ്ജയ് കുമാര്‍ ഝാ നയിക്കുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘം ജപ്പാന്‍ സന്ദര്‍ശനം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ടോക്കിയോയില്‍ എത്തിയ സംഘം, എഡോഗാവയിലെ മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ തുറന്നുകാട്ടുകയും ഇതിനെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് ആഗോള പിന്തുണ തേടുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം.

സഞ്ജയ് കുമാര്‍ ഝായ്ക്ക് പുറമെ, ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ് ലാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി, സിപിഐ(എം) രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് സംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന്, ജാപ്പനീസ് നേതൃത്വവുമായും പൗരസമൂഹവുമായും നടത്തേണ്ട ചര്‍ച്ചകളുടെ തന്ത്രപരമായ രൂപരേഖ അംബാസഡര്‍ സിബി ജോര്‍ജ് സംഘത്തിന് വിശദീകരിച്ചു.

‘ഇന്ത്യന്‍ എംബസിയില്‍ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ നല്‍കിയ വിശദീകരണത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കൂടാതെ, ഞങ്ങള്‍ ടോക്കിയോയിലെ എഡോഗാവയില്‍ പോയി മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി,’ അപരാജിത സാരംഗി എം പി എക്സില്‍ പങ്കുവെച്ചു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിന് പിന്തുണ ഉറപ്പാക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം. ‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ വ്യക്തമാക്കിയതുപോലെ, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ അചഞ്ചലമായ നിലപാട് എല്ലാ ചര്‍ച്ചകളിലും ഉയര്‍ത്തിക്കാട്ടുമെന്ന്’ ടോക്കിയോയിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.