ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന്റെ ഹൈ-ടെക് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇന്ത്യന്‍ വ്യോമസേന

Jaihind News Bureau
Sunday, May 11, 2025

ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആക്രമണത്തിനു ശേഷം പാകിസ്ഥാന്‍ നടത്തിയ നീക്കങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ത്തതായും, പാക്കിസ്ഥാന്റെ അത്യാധുനിക വിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് (ഡിജിഎഒ) എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി അറിയിച്ചു. ശത്രുവിന്റെ
വിമാനങ്ങള്‍ നമ്മുടെ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നത് നാം തടഞ്ഞതായി അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സംബന്ധിച്ച പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി.

നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു പാകിസ്ഥാനി എഫ്-16 വിമാനവും, രണ്ട് ജെഎഫ്-17 യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു. മറ്റ് മിസൈലുകളും പ്രൊജക്ടൈലുകളും തടഞ്ഞതിനൊപ്പമാണിത്. എന്നിരുന്നാലും, നശിപ്പിച്ച വിമാനങ്ങളുടെ തരം ഏതാണെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയില്ല. വെടിവെച്ചിട്ട പാകിസ്ഥാനി വിമാനങ്ങളുടെ കൃത്യമായ എണ്ണം ചോദിച്ചപ്പോള്‍, എയര്‍ മാര്‍ഷല്‍ ഭാരതി ഇങ്ങനെ മറുപടി നല്‍കി, ”ഞങ്ങള്‍ ഇവിടെ ഒരു ഊഹം നടത്താന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പക്കല്‍ കണക്കുകളുണ്ട്, അത് സ്ഥാപിക്കാന്‍ ഞങ്ങള്‍ സാങ്കേതിക വിശദാംശങ്ങളിലേക്ക് കടക്കുകയാണ്. അതിനാല്‍, ഈ സമയം ഒരു കണക്ക് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

കൃത്യവും അതിവേഗത്തിലുമുള്ള തിരിച്ചടിയിലൂടെ പാകിസ്ഥാന്റെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായും അദ്ദേഹം പ്‌റഞ്ഞു. ഇതില്‍ വ്യോമതാവളങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, പടിഞ്ഞാറന്‍ മുന്നണിയിലുടനീളമുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സേന ലക്ഷ്യമിട്ട താവളങ്ങളില്‍ ചക്ലാല, റഫീഖി എന്നിവയും ഉള്‍പ്പെടുന്നു -ഇതില്‍ പ്രത്യേകിച്ച്, ചക്ലാല ഇസ്ലാമാബാദിലാണ് സ്ഥിതി ചെയ്യുന്നത്,’ എയര്‍ മാര്‍ഷല്‍ ഭാരതി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരെ പാകിസ്ഥാന്‍ പിടികൂടിയെന്ന വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞുകൊണ്ട്, ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ഫോഴ്‌സ് ഓപ്പറേഷന്‍സ്, എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി ‘എല്ലാ ഇന്ത്യന്‍ പൈലറ്റുമാരും നാട്ടില്‍ തിരിച്ചെത്തി’ എന്ന് അറിയിച്ചു.