ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ്. എഫ്16 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 10 പാക് വിമാനങ്ങള്‍ തകര്‍ക്കപ്പെടുകയോ ഗുരുതരമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഇത് 1971-ലെ യുദ്ധത്തിനുശേഷം രാജ്യം നേടിയ വലിയ വിജയങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 93ാമത് വ്യോമസേനാ ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ട് ഇന്ത്യന്‍ സൈന്യം ലക്ഷ്യം നേടിയതോടെ പാകിസ്ഥാന്‍ വെടി നിറുത്തലിനായി സമീപിക്കുകയായിരുന്നുവെന്നും വ്യോമസേനാ മേധാവി പറഞ്ഞു. ആകാശത്ത് വെച്ച് 5 ഹൈടെക് പോര്‍വിമാനങ്ങള്‍ തകര്‍ത്തു. ഇതുകൂടാതെ, ഗ്രൗണ്ടില്‍ ഉണ്ടായിരുന്നതും അറ്റകുറ്റപ്പണിക്ക് വെച്ചതുമായ 4-5 എഫ്16 വിമാനങ്ങള്‍ക്കും മറ്റ് വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 4 റഡാറുകള്‍, 2 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സൈനിക സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു.
വരും കാല യുദ്ധങ്ങള്‍ ഇതുവരെ കണ്ട യുദ്ധങ്ങള്‍ പോലെയാകില്ലെന്നും അതിനായുള്ള തയ്യാറെടുപ്പിലാണ് സേനയെന്നും എ.പി. സിംഗ് വ്യക്തമാക്കി. ചൈനീസ് അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ എയര്‍ ബേസുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. 2030-നുള്ളില്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കായി പറക്കും. മൂന്ന് സേനകളുടെയും വിവിധ ഏജന്‍സികളുടെയും യോജിച്ച പ്രവര്‍ത്തനത്തിനാണ് ഇനി ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.