ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള പാര്‍ലമെന്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷമായ ആക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം താന്‍ ഇടപെട്ടാണ് നിര്‍ത്തിയതെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ പരസ്യമായി നിഷേധിക്കാന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.
‘ഇന്ദിരാഗാന്ധിയുടെ ധൈര്യത്തിന്റെ 50 ശതമാനമെങ്കിലും പ്രധാനമന്ത്രിക്കുണ്ടെങ്കില്‍, അദ്ദേഹം പാര്‍ലമെന്റില്‍ എഴുന്നേറ്റുനിന്ന് ‘ഡൊണാള്‍ഡ് ട്രംപ് നുണയനാണ്, അദ്ദേഹം ഒരു വെടിനിര്‍ത്തലിനും മധ്യസ്ഥത വഹിച്ചിട്ടില്ല’ എന്ന് പറയണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍, ഡൊണാള്‍ഡ് ട്രംപ് ഒരു നുണയനാണെന്ന് ഇവിടെ പറയും. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്? ട്രംപ് നുണ പറയുകയാണെങ്കില്‍, അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസംഗത്തിലെ വിവരങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു, ‘ഓപ്പറേഷന്‍ സിന്ദൂര്‍ പുലര്‍ച്ചെ 1:05 ന് ആരംഭിച്ച് 22 മിനിറ്റ് നീണ്ടുനിന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഏറ്റവും ഞെട്ടിക്കുന്ന കാര്യം, 1:35 ന് ഞങ്ങള്‍ പാകിസ്ഥാനെ വിളിച്ച് സൈനികേതര ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയതെന്നും സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു എന്നാണ്… ഒരുപക്ഷേ താന്‍ എന്താണ് വെളിപ്പെടുത്തിയതെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ലായിരിക്കാം. ഇതിനര്‍ത്ഥം, പോരാടാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് നിങ്ങള്‍ പാകിസ്ഥാനോട് നേരിട്ട് പറഞ്ഞു എന്നാണ്. 30 മിനിറ്റിനുള്ളില്‍ ഇന്ത്യ ഉടനടി കീഴടങ്ങല്‍ പ്രഖ്യാപിച്ചു,’ രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്തോനേഷ്യയിലെ ഇന്ത്യയുടെ ഡിഫന്‍സ് അറ്റാഷെ ആയിരുന്ന ക്യാപ്റ്റന്‍ ശിവ് കുമാറിനെ ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്, ‘നമ്മുടെ പൈലറ്റുമാരോട് പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെയോ സൈനിക കേന്ദ്രങ്ങളെയോ ആക്രമിക്കരുതെന്ന് രാഷ്ട്രീയ നേതൃത്വം വ്യക്തമായി നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ടാണ് നമുക്ക് വിമാനങ്ങള്‍ നഷ്ടപ്പെട്ടത്. നിങ്ങള്‍ അവരുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ടു,’ അദ്ദേഹം പറഞ്ഞു.
‘ഡൊണാള്‍ഡ് ട്രംപ് ഒരു നുണയനാണെന്ന് പറയാന്‍ ധൈര്യമില്ലാത്ത ഒരു പ്രധാനമന്ത്രിയെ നമുക്ക് ആവശ്യമില്ല,’ എന്ന് ആഞ്ഞടിച്ച രാഹുല്‍, ‘യുദ്ധം നിര്‍ത്തിയത് താനാണെന്ന് പറയാന്‍ പ്രസിഡന്റ് ട്രംപിനെ അനുവദിക്കരുത്,’ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.