ന്യൂഡല്‍ഹി : ഇന്ത്യന്‍ സായുധസേന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘ജയ് ഹിന്ദ് യാത്ര’ എന്ന പേരില്‍ രാജ്യവ്യാപകമായി റാലികള്‍ സംഘടിപ്പിച്ചു. ജനങ്ങള്‍ തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ പ്രതിരോധ സേനയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായിരുന്നു ഈ നീക്കം.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെ ഇന്ത്യന്‍ സായുധസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ചും സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചും രാജ്യത്തെ നിരവധി നഗരങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തെരുവിലിറങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് രാഗിണി നായക് സായുധസേനയുടെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ചു. ‘ഇന്ത്യന്‍ നാവികസേന, കരസേന, വ്യോമസേന എന്നിവര്‍ ധീരതയുടെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവരുടെ വീര്യത്തിന്റെ തെളിവാണെന്നും രാഗിണി നായിക് പറഞ്ഞു.
‘ഓപ്പറേഷന്‍ സിന്ദൂര്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹായികളുടെയും ബന്ധുക്കളുടെയും ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത പാക് സൈനിക സ്ഥാപനങ്ങളിലെ പ്രതിനിധികളെ കോണ്‍ഗ്രസ് അപലപിച്ചു. ‘ഇന്ത്യയ്ക്കെതിരെ ഉയരുന്ന എല്ലാ ദുഷിച്ച ലക്ഷ്യങ്ങളെയും വേരോടെ പിഴുതെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ രാഗിണി പറഞ്ഞു
ന്യൂഡല്‍ഹിയില്‍ നടന്ന പ്രകടനത്തില്‍ എഐസിസി ഭാരവാഹികളായ കെ സി വേണുഗോപാല്‍ എംപി , അജയ് മാക്കന്‍, സച്ചിന്‍ പൈലറ്റ് എംപി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബെംഗളൂരുവില്‍ കൂറ്റന്‍ ‘ജയ് ഹിന്ദ് തിരംഗ യാത്ര’യ്ക്ക് നേതൃത്വം നല്‍കി. കെ.ആര്‍. സര്‍ക്കിളില്‍ നിന്ന് ആരംഭിച്ച് എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സമാപിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ത്രിവര്‍ണ്ണ പതാകയ്‌ക്കൊപ്പം ‘ജയ് ഹിന്ദ്’, ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങള്‍ മുഴക്കി പങ്കെടുത്തു.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സമാന്തര റാലി നടത്തി. ‘പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ നമ്മുടെ സായുധസേനയ്ക്ക് ഉറച്ച പിന്തുണ നല്‍കാന്‍ ഇന്ന് ഞങ്ങള്‍ പശ്ചിമ ബംഗാളില്‍ ‘ജയ് ഹിന്ദ് യാത്ര’ നടത്തി. ഞങ്ങളുടെ ധീരരായ നായകന്മാര്‍ക്കൊപ്പം ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. നമ്മുടെ ജവാന്മാരെ ഓര്‍ത്ത് നമുക്ക് അഭിമാനത്തില്‍ ഒന്നിക്കാം,’ എന്ന് പാര്‍ട്ടി എക്സില്‍ കുറിച്ചു.
‘രാഷ്ട്രത്തിന്റെ ഇരുണ്ട മണിക്കൂറുകളില്‍ ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ സായുധസേനയുടെ അചഞ്ചലമായ സമര്‍പ്പണത്തെ’ പ്രശംസിച്ചുകൊണ്ട് കോണ്‍ഗ്രസ് ഒരു പ്രസ്താവനയും പുറത്തിറക്കി. ‘ദേശീയ സുരക്ഷയോടുള്ള അവരുടെ പ്രതിബദ്ധത ധൈര്യത്തിന്റെയും പ്രതിരോധശേഷിയുടെയും തിളക്കമാര്‍ന്ന ഉദാഹരണമാണ്. ഭീകരതയ്ക്കെതിരായ രാഷ്ട്രത്തിന്റെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന, തളരാത്ത ധീരതയുള്ള നമ്മുടെ നായകന്മാര്‍ക്ക് ഞങ്ങള്‍ സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നു,’ പാര്‍ട്ടി പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും രാഷ്ട്രീയത്തിന് മുകളില്‍ ദേശീയ ഐക്യത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇരു നേതാക്കളും സര്‍വകക്ഷി യോഗങ്ങളില്‍ പങ്കെടുക്കുകയും ദേശീയ സുരക്ഷാ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പിന്തുണ സര്‍ക്കാരിന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.