OPERATION SINDOOR| പഹല്‍ഗാം സുരക്ഷാ വീഴ്ചയില്‍ അമിത് ഷാ മൗനം പാലിച്ചു; രാജ്യത്തെ വിഭജിക്കുന്ന ബിജെപി ഭീകരരുടെ ജോലിയാണ് ചെയ്യുന്നത് : കെ.സി. വേണുഗോപാല്‍

Jaihind News Bureau
Tuesday, July 29, 2025

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള പാര്‍ലമെന്റ് ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി .  പഹല്‍ഗാമിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു വാക്കുപോലും മിണ്ടിയില്ലെന്നും, മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ച് ബിജെപി ഭീകരവാദികളുടെ അതേ ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ ആരോപിച്ചു.

‘ഗൗരവ് ഗൊഗോയ് സുരക്ഷാ വീഴ്ചയുടെ വിഷയം ഉന്നയിച്ചാണ് ചര്‍ച്ച തുടങ്ങിയത്. പ്രതിപക്ഷത്തുനിന്നുള്ള എല്ലാവരും ഇതേ വാദം ആവര്‍ത്തിച്ചു, എന്നാല്‍ നമ്മുടെ ആഭ്യന്തരമന്ത്രി സുരക്ഷാ വീഴ്ചയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല. അതുമായി ബന്ധമില്ലാത്ത മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു,ഉത്തരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്’ വേണുഗോപാല്‍ പറഞ്ഞു. ഈ പ്രസ്താവന ലോക്‌സഭയില്‍ വലിയ ബഹളത്തിന് ഇടയാക്കി.

ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്ക നടത്തിയ ‘മൂന്നാം കക്ഷി ഇടപെടലിനെയും’ വേണുഗോപാല്‍ നിശിതമായി വിമര്‍ശിച്ചു. ട്രംപ് അറിയിക്കുന്നതിന് മുന്‍പ് ഇന്ത്യയ്ക്ക് എന്തുകൊണ്ട് വെടിനിര്‍ത്തല്‍ അറിയിക്കാന്‍ കഴിഞ്ഞില്ല.. ? വെടിനിര്‍ത്തലിന് അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ചോദ്യം ചെയ്യുകയല്ല, ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിങ്ങള്‍ വരുത്തിയ തെറ്റുകള്‍ അറിയാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഭരണ-പ്രതിപക്ഷ കക്ഷികള്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് വിമര്‍ശിച്ചു. സൈനിക നടപടി എന്തിനാണ് നിര്‍ത്തിയതെന്ന ചോദ്യങ്ങളെ അവര്‍ വിമര്‍ശിക്കുകയും അത് അനിവാര്യമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.