ന്യൂഡല്‍ഹി: ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് (ജെഇഎം) ഭീകരസംഘടനയുടെ ഉപമേധാവിയുമായ അബ്ദുള്‍ റൗഫ് അസ്ഗര്‍ ഇന്ത്യന്‍ സേനയുടെ ‘ഓപ്പറേഷന് സിന്ദൂറി’ല്‍ കൊല്ലപ്പെട്ടു. 1999-ലെ ഐസി-814 വിമാനം റാഞ്ചല്‍, 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം തുടങ്ങി നിരവധി വലിയ ഭീകരാക്രമണങ്ങളുടെ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച റൗഫ് അസ്ഗര്‍, പാകിസ്ഥാനിലെ ബഹവല്‍പൂരിലുള്ള ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് വെച്ചാണ് കൊല്ലപ്പെട്ടത്. ‘മര്‍ക്കസ് സുബ്ഹാന് അള്ളാ’ എന്ന പ്രധാന ജെഇഎം കേന്ദ്രത്തില്‍ ഇന്ത്യന്‍ സേന നടത്തിയ കൃത്യമായ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റൗഫ് അസ്ഗര്‍ പിന്നീട് മരണത്തിന് കീഴടങ്ങിയതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.
ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുള്‍ റൗഫ് അസ്ഗര്‍. ജെഇഎമ്മിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചുമതലക്കാരനായിരുന്ന (ഓപ്പറേഷണല്‍ ഹെഡ്) റൗഫ് അസ്ഗര്‍, ഇന്ത്യന്‍ മണ്ണില്‍ നടന്ന ഒട്ടേറെ ക്രൂരമായ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു.