OPERATION SHIELD| ഓപ്പറേഷന്‍ ഷീല്‍ഡ്: പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് മോക്ഡ്രില്‍

Jaihind News Bureau
Saturday, May 31, 2025

‘ഓപ്പറേഷന്‍ ഷീല്‍ഡ്’ എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളിലെ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ശനിയാഴ്ച മോക് ഡ്രില്‍ നടത്തും. മേയ് 29-ന് മോക് ഡ്രില്‍ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഭരണപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീയ്യതി മാറ്റിയത്.

ശത്രുപക്ഷത്തുനിന്നും ആക്രമണമുണ്ടാകുകയാണെങ്കില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന സര്‍ക്കാരിന്റെ സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകളുടെ ഭാഗമാണ് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’. ശത്രുവിമാനങ്ങളുടെ വ്യോമാക്രമണം, ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഒഴിപ്പിക്കല്‍, ജാഗ്രതാ പ്രോട്ടോക്കോളുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബാഹ്യ ഭീഷണികളോടുള്ള രാജ്യത്തിന്റെ പ്രതികരണം പരീക്ഷിക്കുന്നതിനും സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നുതിനും ലക്ഷ്യമിട്ടുള്ളതാണ് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ മോക് ഡ്രില്‍. ശനിയാഴ്ച മോക് ഡ്രില്‍ നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.