കൂളിംഗ് ഫിലിമും കർട്ടനും ; മോട്ടോര്‍ വാഹന വകുപ്പിന്‍റെ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ഇന്ന് മുതല്‍

Jaihind News Bureau
Sunday, January 17, 2021

 

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്‍റെ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പരിശോധന സംസ്ഥാനത്ത് ഇന്ന് മുതല്‍. കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ നിയമലഘംനങ്ങള്‍ തുടരുന്ന വാഹനങ്ങള്‍ക്കെതിരെയാണ് വകുപ്പിന്‍റെ കര്‍ശന നടപടി. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

വാഹനങ്ങളില്‍ കര്‍ട്ടനും കൂളിംഗ് ഫിലിമും പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് കേരളത്തില്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിരുന്നില്ല. ഇതോടെ മോട്ടോര്‍ വാഹന വകുപ്പിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി.

കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി മോട്ടോര്‍ വാഹനവകുപ്പിനോട്  നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പ് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ രൂപീകരിച്ചത്. നിയംലംഘിക്കുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.