ജമ്മു കശ്മീരില്‍ ഭീകരവാദത്തിനെതിരെ സുരക്ഷാ സേനയുടെ ശക്തമായ നീക്കങ്ങള്‍ തുടരുന്നു. ‘ഓപ്പറേഷന്‍ മഹാദേവ്’, ‘ഓപ്പറേഷന്‍ ശിവശക്തി’ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക സൈനിക നടപടികളിലൂടെ കഴിഞ്ഞ 100 ദിവസത്തിനിടെ 12 ഭീകരരെ സൈന്യം വധിച്ചു. ഈ ഭീകരരില്‍ ആറുപേര്‍ പാകിസ്ഥാനികളും, ബാക്കിയുള്ളവര്‍ ജമ്മു കശ്മീരിലെ പ്രധാന ഭീകരാക്രമണങ്ങളില്‍ പങ്കാളികളായിരുന്ന തദ്ദേശീയരുമാണ്.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് ഭീകരരെ ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സൈനിക നടപടിയിലൂടെ സൈന്യം വധിച്ചു. ഈ വിജയം രാജ്യത്തിന് വലിയ ആശ്വാസമാണ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ‘ഓപ്പറേഷന്‍ ശിവശക്തി’ ആരംഭിച്ചത്.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരരെ തടയുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ശക്തമായ രഹസ്യാന്വേഷണ വിവരങ്ങളുടെയും സൈനിക-പോലീസ് സഹകരണത്തിന്റെയും ഫലമാണ് ഈ വിജയങ്ങള്‍. ജമ്മു കശ്മീരിലെ സമാധാനം നിലനിര്‍ത്താനും തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ സൈനിക നീക്കങ്ങള്‍ സഹായകമാകും. പ്രധാനമായും വിദേശ ഭീകരരാണ് ഇപ്പോള്‍ കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതിര്‍ത്തിയില്‍ വെച്ച് തന്നെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടഞ്ഞ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സൈന്യം പ്രഖ്യാപിച്ചു.