ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്ന മൂന്ന് പാകിസ്ഥാന്‍ ഭീകരരെ ശ്രീനഗറില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഇവരില്‍ നിന്ന് നിരവധി ഗ്രനേഡുകള്‍ കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാം ആക്രമിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായകമായ ഈ സൈനിക നടപടി.
ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിദ്വാസ് പ്രദേശത്ത് മൂന്ന് വിദേശ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. കരസേന, ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്ന് ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന പേരില്‍ സംയുക്ത ദൗത്യം ആരംഭിക്കുകയായിരുന്നു. ചെറിയ തോതിലുള്ള വെടിവെപ്പിന് ശേഷം ഭീകരരെ വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ വധിച്ചു. ഇവരില്‍ നിന്ന് ഒട്ടേറെ ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പ് ദച്ചിഗാം വനമേഖലയില്‍ സംശയാസ്പദമായ ഒരു ആശയവിനിമയം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പ്രദേശത്തെ നാടോടികളില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഭീകരരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായിച്ചു. പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ തിരിച്ചടിയായ ‘ഓപ്പറേഷന്‍ സിന്ദൂറും’ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്ന ദിവസമാണ് ഈ നിര്‍ണായക വാര്‍ത്ത പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. ആക്രമണത്തിന് പിന്നിലുള്ള ഭീകരരെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിരന്തരം ആഞ്ഞടിച്ചിരുന്നു.
സമീപ വര്‍ഷങ്ങളില്‍ കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു ബൈസരന്‍ താഴ്വരയിലേത്. 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്ത് വിനോദസഞ്ചാരികള്‍ വിശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. അമുസ്ലിംകളായ പുരുഷന്മാരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടെത്തിയിരുന്നു.