യുക്രെയ്നില്‍ നിന്ന് നാലാമത്തെ വിമാനം പുറപ്പെട്ടു; 198 ഇന്ത്യക്കാർ കൂടി ഡല്‍ഹിയിലേക്ക്

Jaihind Webdesk
Sunday, February 27, 2022

 

ന്യൂഡല്‍ഹി : യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം തിരിച്ചതായി വിദേശകാര്യമന്ത്രാലയം. ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ  വിമാനത്തില്‍ 198 പേരാണുള്ളത്. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി ‘ഓപ്പറേഷന്‍ ഗംഗ’യ്ക്ക് ഇന്നലെയാണ് തുടക്കമായത്.

മൂന്നാമതായി എത്തിയ ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 25 മലയാളികളടക്കം 240 പേർ എത്തിച്ചേർന്നിരുന്നു. രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലർച്ചെയോടെ ഡല്‍ഹിയിലെത്തി. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. റൊമേനിയയില്‍ നിന്ന് 219 പേരുടെ സംഘത്തെയാണ് ആദ്യം മുംബൈയില്‍ എത്തിച്ചത്. ഈ സംഘത്തിൽ 27 പേർ മലയാളികളായിരുന്നു.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്ന് മടങ്ങിയെത്തിയവരെ സ്വീകരിച്ചു.  പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്നലെയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ​ഗം​ഗയ്ക്ക് തുടക്കമിട്ടത്.