ആനയെ കണ്ടെത്താനാവാതെ വനംവകുപ്പ്; ദൗത്യം തൽക്കാലം ഉപേക്ഷിച്ചു, ഉദ്യോ​ഗസ്ഥരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Jaihind Webdesk
Sunday, February 11, 2024

വയനാട്:  മാനന്തവാടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങി ആളെ കൊന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ചു.  കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് മയക്കുവെടി വെക്കില്ല. ദൗത്യം തൽക്കാലം ഉപേക്ഷിച്ചതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴുള്ളതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് നിന്ന് മടങ്ങാന്‍ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തുടർന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

ട്രാക്കിം​ഗ് തടസ്സപ്പെട്ടതോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. ചെമ്പകപ്പാറ ഭാ​ഗത്തുനിന്ന് ആന മണ്ണുണ്ടി ഭാ​ഗത്തേക്ക് നീങ്ങിയിരുന്നു. ദൗത്യസംഘം അരികിലെത്തിയപ്പോഴാണ് ആന സ്ഥാനം മാറിയത്. ട്രാക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ ദൗത്യം സങ്കീർണമായതായാണ് സൂചന.