Terrorist Killed in Jammu And Kashmir| ഓപ്പറേഷന്‍ അഖല്‍: കുല്‍ഗാമില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

Jaihind News Bureau
Saturday, August 2, 2025

 

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖല്‍ വനമേഖലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ‘ഓപ്പറേഷന്‍ അഖല്‍’ എന്ന പേരിലുള്ള ഈ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. മറ്റ് രണ്ട് ഭീകരര്‍ കൂടി പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി ചിനാര്‍ കോര്‍പ്സ് എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു ഉപവിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുള്ളവരാണ് ഈ ഭീകരര്‍. അടുത്തിടെ നടന്ന പഹല്‍ഗാം ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മേഖലയിലെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി ഈ ഓപ്പറേഷന്‍ ആരംഭിച്ചത്. തിരച്ചിലിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാം ദേശീയോദ്യാനത്തിനുള്ളിലാണ് ബാക്കിയുള്ള രണ്ട് ഭീകരരും ഒളിച്ചിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സുരക്ഷാ സേന പ്രദേശം വളഞ്ഞതിനെ തുടര്‍ന്ന് ഭീകരരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, മൂന്ന് പാകിസ്ഥാന്‍ ടിആര്‍എഫ് ഭീകരരെ വധിച്ച ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സൈനിക നീക്കത്തിന് പിന്നാലെയാണ് ഈ ഏറ്റുമുട്ടല്‍. പഹല്‍ഗാം ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ലഷ്‌കര്‍ കമാന്‍ഡര്‍ മൂസ ഫൗജി എന്ന സുലൈമാന്‍ ഷായും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അന്ന് ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് 17 ഗ്രനേഡുകള്‍, ഒരു എം4 കാര്‍ബൈന്‍, രണ്ട് എകെ-47 റൈഫിളുകള്‍ എന്നിവയുള്‍പ്പെടെ വലിയൊരു ആയുധശേഖരം പിടിച്ചെടുത്തിരുന്നു.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് അഞ്ച് ടആര്‍എഫ് ഭീകരരാണ് ഈ മേഖലയില്‍ സജീവമായിരുന്നത്. ഇതില്‍ ‘ഓപ്പറേഷന്‍ മഹാദേവില്‍’ മൂന്ന് പേരെയും ‘ഓപ്പറേഷന്‍ അഖലില്‍’ ഒരാളെയും വധിച്ചതോടെ ഒരു ഭീകരന്‍ ഇപ്പോഴും ഒളിവിലുണ്ടെന്നാണ് കരുതുന്നത്. ഇടതൂര്‍ന്ന വനമേഖലയായതിനാല്‍, നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ സേന അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.